കോതമംഗലം > മാനസയുടെ മരണത്തിന് തൊട്ടുമുമ്പ്, ഒരു പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ച കെസിയയും ഫിദയും ഫാത്തിമത്ത് സഹനയും ഇനിയും ആ വെടിയൊച്ചയുടെ ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല. മരണത്തിന്റെ കാലൊച്ച ഇവരുടെ കാതുകളിൽ നിർത്താതെ മുഴങ്ങുന്നു. ഇവരുടെ കൺമുന്നിൽനിന്നാണ് രഖിൽ മാനസയെ വലിച്ചിഴച്ച് കൊണ്ടുപോയത്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ സഹപാഠികൾക്കും അധ്യാപകർക്കും നഷ്ടമായത് തങ്ങളുടെ മനസ്സ് കവർന്ന കൂട്ടുകാരിയെയും മിടുക്കിയായ വിദ്യാർഥിയെയുമാണ്. സുഹൃത്തിന്റെ വെടിയേറ്റു മരിച്ച ഹൗസ് സർജനായ കണ്ണൂർ സ്വദേശി മാനസയുടെ വേർപാടിന്റെ വേദനയിൽ നീറുകയാണ് സഹപാഠികളും അധ്യാപകരും.
കൂട്ടുകാരിക്ക് അശ്രുപൂജ അർപ്പിക്കുമ്പോഴും മാനസ തങ്ങളെ വിട്ടുപോയിട്ടില്ലെന്ന വിശ്വാസമാണ് ഇവർക്ക്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ അധ്യാപകർക്കും മാനസയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. മരിക്കുന്നതിന് അഞ്ചുദിവസംമുമ്പ് മാനസ തന്റെയടുത്ത് വന്നതായി ഡോ. എൽദോസ് ടി പോൾ ഓർമിക്കുന്നു. കോവിഡ് കാലത്ത് നഷ്ടപ്പെട്ട ഇന്റേൺഷിപ്പിന് വീണ്ടും അവസരം ലഭിക്കുമോ എന്നറിയാണ് എത്തിയത്. സെന്റർ കൗൺസിലുമായി ബന്ധപ്പെട്ടശേഷം വിവരം അറിയിക്കാമെന്ന് മാനസയോട് പറഞ്ഞതായി ഡോക്ടർ ഓർമിക്കുന്നു. നാലുവർഷം ഒരു സബ്ജക്ടുപോലും നഷ്ടപ്പെടാതെ അർപ്പണബോധത്തോടെ പഠിച്ച വിദ്യാർഥിനിയായിരുന്നു. ഒരു ക്ലാസുപോലും മുടങ്ങാതെ കോളേജിൽ വന്നിരുന്ന മാനസയെക്കുറിച്ച് നിറമിഴികളോടെ എൽദോസ് പറഞ്ഞു.
മൃതദേഹം സൂക്ഷിച്ച കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ നൂറുകണക്കിന് അധ്യാപകരും അനധ്യാപകരും വിദ്യാർഥികളുമാണ് അനുശോചനം അറിയിക്കാനെത്തിയത്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ആന്റണി ജോൺ എംഎൽഎ, നഗരസഭാ ചെയർമാൻ കെ കെ ടോമി, സിപിഐ എം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ് എന്നിവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.