കൊച്ചി > ട്വന്റി–-20ക്കെതിരെ ഗുരുതര ആക്ഷേപമുന്നയിച്ച് മഴുവന്നൂർ പഞ്ചായത്തിലെ നേതാക്കളും പ്രവർത്തകരും കൂട്ടരാജിക്ക്. കിറ്റെക്സ് കമ്പനി എംഡി സാബു ജേക്കബ് ചീഫ് കോ–-ഓർഡിനേറ്ററായ ട്വന്റി–-20യിൽ, അദ്ദേഹത്തിന്റെ ഏകാധിപത്യമാണെന്നും വാഗ്ദാനങ്ങൾ നൽകി പഞ്ചായത്തുഭരണം പിടിച്ച് ജനങ്ങളെ വഞ്ചിച്ചെന്നും ആരോപിച്ചാണ് രാജി.
പതിനഞ്ചോളം നേതാക്കളും കുടുംബാംഗങ്ങളും വനിതാപ്രവർത്തകരും ഉൾപ്പെടെ രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നെല്ലാട് സഹകരണ സംഘം ഹാളിൽ ചേരുന്ന സ്വീകരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.
ട്വന്റി–-20 നേതാക്കളായിരുന്ന ടി ഡി സുഭാഷ്, പി ജെ വർഗീസ്, പി കെ ജോയി, എം കെ കുഞ്ഞുമോൻ, ബേസിൽ പൗലോസ് ചാലിൽ, വി ഡി ഡിജി, കെ ജെ ബേബി, സി പി ബേബി, ശങ്കുണ്ണി ഗോപാലൻ, കെ കെ രാജു, കെ എസ് പ്രസിത്, ഒ എ സാജു, സി കെ കരുണാകരൻ, അഖിൽ സാജു ഉപ്പുമറ്റത്തിൽ എന്നിവരാണ് രാജിവയ്ക്കുന്നത്. സാബു ജേക്കബ് സംസ്ഥാന സർക്കാരിനെ നിരന്തരം അപമാനിക്കുകയും നുണപ്രചാരണം നടത്തുകയുമാണെന്ന് ഇവർ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ട്വന്റി–-20 പഞ്ചായത്തുഭരണം പിടിച്ചെടുത്തത്. അതൊന്നും പാലിച്ചില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിച്ചു. സാധാരണക്കാർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ ആശ്രിതർക്കായി ചുരുക്കിയെന്നും ഇവർ പറഞ്ഞു.