തിരുവനന്തപുരം > സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി തദ്ദേശസ്ഥാപന ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയും ഒഴിവാക്കും. ജൂലൈമുതൽ ഡിസംബർവരെയുള്ള വാടകയാണ് ഒഴിവാക്കിയത്. പഞ്ചായത്ത്, നഗരസഭ, വികസന അതോറിറ്റികൾ, പൊതുമേഖലാ–-സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സഹായ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പദ്ധതി ബാധകമായിരിക്കും. സ്വകാര്യ കടയുടമകളും മാതൃക പിന്തുടരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
സഹകരണസംഘങ്ങളുടെ കടമുറികളിൽ ഭരണസമിതികൾക്ക് തീരുമാനമെടുക്കാം. ചെറുകിട വ്യാപാര–-വ്യവസായ സ്ഥാപനങ്ങളുടെ ആറുമാസത്തെ കെട്ടിടനികുതിയും വൈദ്യുതി സ്ഥിരം ചാർജും ഒഴിവാക്കുന്നതും വലിയ ആശ്വാസമാകും.
കെഎസ്എഫ്ഇ, കെഎഫ്സി ആശ്വാസ പദ്ധതികളും നിലവിൽവന്നു.
കെഎസ്എഫ്ഇയുടെ അടവ് മുടങ്ങിയ വായ്പകൾക്ക് രണ്ടുമാസംകൂടി പിഴപ്പലിശ ഒഴിവാക്കി. ചിറ്റാളൻമാർക്ക് മാസത്തവണ അടയ്ക്കാത്തതുമുലം ഉണ്ടാകുന്ന ഡിവിഡന്റ് നഷ്ടവും പരിഹരിക്കപ്പെട്ടു. അഞ്ചു ശതമാനം നിരക്കിൽ ലക്ഷം രൂപവരെ കോവിഡ് ബാധിത കുടുംബത്തിന് വായ്പ നൽകുന്ന പദ്ധതി തുടരും. കെഎഫ്സി വായ്പകളുടെ പുനഃക്രമീകരണം വ്യാപാരികളുടെയടക്കം സിബിൽ സ്കോർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.
കോവിഡ് പ്രതിരോധ ഉൽപ്പന്നം നിർമിക്കുന്ന വ്യവസായങ്ങൾക്ക് 50 ലക്ഷംവരെ വായ്പ ഏഴുശതമാനം പലിശയ്ക്ക് ലഭിക്കും. പദ്ധതി ചെലവിലെ 90 ശതമാനമാണ് വായ്പ. 50 സംരംഭത്തിനെങ്കിലും 100 കോടി രൂപയുടെ വായ്പ ഉറപ്പാക്കാൻ കെഎഫ്സിയോട് സർക്കാർ നിർദേശിച്ചു. ചെറുകിട വ്യവസായ, ആരോഗ്യ, ടൂറിസം മേഖലയിലെ എല്ലാത്തരം വായ്പയ്ക്കും ഒന്നര ശതമാനം പലിശ കുറച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടുന്നവർക്ക് നാല് ശതമാനം പലിശയിൽ രണ്ടുലക്ഷം രൂപവരെ വായ്പ നൽകുന്ന പദ്ധതിക്കും തുടക്കമായി.