തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക്വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനുംനൽകി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേർക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേർക്ക് (47,44,870) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്സിൻ നൽകിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും96,63,620 പുരുഷൻമാരുമാണ് ഇതുവരെ വാക്സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 25 ശതമാനം പേർക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 3,05,308 പേർക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.
2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. സർക്കാർ-സ്വകാര്യ ആശുപത്രി ജീവനക്കാർ, ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിലും കോവിഡ് മുന്നണി പോരാളികൾക്കും ഏകദേശം 100 ശതമാനം പേർക്ക് ഒന്നാം ഡോസും 82 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേർക്ക് (5,15,241) വാക്സിൻ നൽകിയത്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇനിയും കൂടുതൽ വാക്സിനെത്തിയാൽ ഇതുപോലെ വാക്സിൻ നൽകാൻ സാധിക്കുന്നതാണ്.സംസ്ഥാനത്ത് ഇന്ന് 3,59,517 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്ന് 1,546 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്-മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ശനിയാഴ്ച 4 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീൽഡ് വാക്സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്സിനാണ് ലഭ്യമായത്.
Content Highlights:Kerala Completes two Crore of vaccination.