നെറ്റി ചുളിക്കണ്ട. ബസുമതി അരിയിൽ തയ്യാറാക്കിയ നല്ല ബിരിയാണിയിൽ ചോക്ലേറ്റ് സിറപ്പ് ഒരു കപ്പോളം ഒഴിച്ച് കൂട്ടിക്കുഴച്ചാൽ ചോക്ലേറ്റ് ബിരിയാണി റെഡി. എഫ്എച്എം പാക്കിസ്ഥാൻ തങ്ങളുടെ യൂട്യൂബ് പേജിലൂടെ ചോക്ലേറ്റ് ബിരിയാണി പരിചയപ്പെടുത്താൻ ഒരു റിപോർട്ടറെ ആർസിബി തട്ടുകടയിലേക്ക് അയച്ചു. ഇവിടെ ചോക്ലേറ്റ് ബിരിയാണിയുണ്ടോ എന്ന് റിപ്പോർട്ടർ ചോദിക്കുന്നതും ഒരു പ്ലേറ്റ് തരാൻ പറയുന്നതുമാണ് ആദ്യ രംഗം.
ചോക്ലേറ്റ് ബിരിയാണി കൂട്ടികുഴച്ച ശേഷം ഒരു സ്പൂൺ കഴിച്ച റിപോർട്ടറുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആണ് എന്ന് പറഞ്ഞ ശേഷം റിപ്പോർട്ടർ പിന്നീട് പറയുന്നതാണ് ഇപ്പോൾ സൈബർലോകത്ത് ചിരിപടർത്തുന്നത്. ‘ഇതുണ്ടാക്കിയ ഷെഫ് എവിടെ? എനിക്കദ്ദേഹത്തിന്റെ കൈയിൽ ഒരു മുത്തം കൊടുക്കണം’ എന്നാണ് ചോക്ലേറ്റ് ബിരിയാണി ആസ്വദിച്ചു കഴിക്കുന്നതിനിടെ റിപ്പോർട്ടർ പറയുന്നത്. ‘നിങ്ങൾ ഇതുവരെ ഇവിടെ വന്ന് ഈ ബിരിയാണി കഴിച്ചിട്ടില്ല എങ്കിൽ തീർച്ചയായും വലിയ തെറ്റാണ് ചെയ്യുന്നത്’ എന്നും റിപ്പോർട്ടർ തട്ടിവിടുന്നുണ്ട്.
വീഡിയോയ്ക്ക് കീഴെ വരുന്ന കമന്റുകളിൽ പകുതി റിപ്പോർട്ടറുടെ ഓവർആക്റ്റിംഗിനെ വിമർശിച്ചും ബാക്കി ചോക്ലേറ്റ് ബിരിയാണിയെ വിമർശിച്ചുമാണ്. ഈ അഭിനയത്തിന് ഇദ്ദേഹം ഓസ്കാർ അവാർഡിന് അർഹനാണ് എന്നാണ് ഒരാളുടെ കമന്റ്. “ചോക്ലേറ്റ് ബിരിയാണിയോ? ഇനി വാനില പുലാവ് കൂടെ കാണാൻ ബാക്കിയുള്ളൂ എന്നാണ് മറ്റൊരാളുടെ കമന്റ്.