മനാമ> ഏഴ് മാസത്തോളം നീണ്ട യാത്രാ വിലക്കില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനായില്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതി പേരുടെ വിസ റദ്ദായി.
2,80,00 പേര്‍ക്ക് സാധുവായ കുവൈത്ത് വിസയുണ്ടെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയവരില്‍ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
നിരവധി ഈജിപ്തുകാരും കുടുങ്ങി.ആറുമാസത്തിലേറെ രാജ്യത്തിനു പുറത്തായാല്‍ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തല്ക്കാലികമായി മരവിപ്പിച്ചിരുന്നു. ഓണ്‍ലൈനില്‍ ഇവര്‍ക്ക് ഇഖാമ (താമസ രേഖ) പുതുക്കാന്‍ സര്‍ക്കാര്‍ അവസരം നല്കി. ഇഖാമ പുതുക്കുന്നതിന് പാസ്പോര്‍ട്ട് കാലാവധി ചുരുങ്ങിയത് ഒരു വര്‍ഷം വേണം.
സ്പോണ്‍സര്‍ക്കോ കമ്പനിക്കോ ആണ് ഇഖാമ പുതുക്കാന്‍ കഴിയുക. ആയിരക്കണക്കിന് പേര് ഈ സൗകര്യം ഉപയോഗപ്പെടുത്തി. എന്നാല്‍ സ്പോണ്‍സറുടെ താല്‍പ്പര്യക്കുറവും അശ്രദ്ധയും കാരണവും കമ്പനികള്‍ പ്രതിസന്ധിയില്‍ ആയതിനാലും നിരവധി പേരുടെ ഇഖാമ പുതുക്കാനായില്ല.
കോവിഡ് മഹാമാരിയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രവാസികള്‍ ജോലിയെടുത്ത പല കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ഉണ്ടായി.ഞായറാഴ്ച മുതല്‍ കുവൈത്തിലേക്ക് വാക്സിന് എടുത്ത പ്രവാസികള്‍ക്ക് പ്രവേശനം ഉണ്ട്. സാധുവായ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചു.