രാത്രി കണ്ണൂരെത്തിക്കുന്ന മൃതദേഹം എകെജി സ്മാരക ആശുപത്രിയിലാകും സൂക്ഷിക്കുക. രാവിലെ ഏഴുമണിയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. രാഖിലിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെത്തിക്കും. പിണറായിയിലെ ശ്മശാനത്തിലാണ് രാഖിലിന്റെ സംസ്കാരം നടക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് രാഖിൽ വാങ്ങിയത് ബീഹാറിൽ നിന്നാണെന്നാണ് സൂചന. ജൂലൈ 12 ന് സുഹൃത്തിനൊപ്പം രാഖിൽ ബിഹാറിൽ പോയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബിഹാറിലെ എട്ട് ദിവസം ചെലവഴിച്ചെന്നും നാല് സ്ഥലങ്ങൾ സന്ദര്‍ശിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഹാറിൽ തോക്ക് ലഭിക്കുമെന്ന് രാഖിൽ അറിഞ്ഞത് ഇന്റര്നെറ്റിലൂടെയാണെന്നുമാണ് കണ്ടെത്തൽ.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ ഏഴിന് പോലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് ബിഹാറിലേക്ക് യാത്ര ചെയ്തത്. ജോലിക്കായി തൊഴിലാളികളെ എത്തിക്കുന്നതിനാണ് ബിഹാറിലേക്ക് പോകുന്നതെന്നാണ് രാഖിൽ വീട്ടിൽ പറഞ്ഞത്.
കണ്ണൂര്‍ സ്വദേശിനിയായ മാനസയെ ഇന്നലെയാണ് തലശേരി സ്വദേശിയായ രാഖിൽ വെടിവെച്ച് കൊന്നത്. മനസയെ കൊല്ലുന്നതിനായി 7.62 പിസ്റ്റലാണ് രാഖിൽ ഉപയോഗിച്ചത്. ഏഴ് റൗണ്ട് വെടിയുതിര്‍ക്കാൻ ശേഷിയുള്ള തോക്കിൽ നിന്നും മാനസയ്ക്ക് രണ്ട് തവണ വെടിയേറ്റു. പിന്നാലെ രാഖിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.