തിരുവനന്തപുരം
സഭാ നടപടി തുടങ്ങുംമുമ്പാണ് യുഡിഎഫുകാർ തന്നെ അപമാനിച്ചതെന്ന് മുൻ എംഎൽഎ ജമീല പ്രകാശം. സംഭവത്തിൽ യുഡിഎഫ് അംഗങ്ങളായിരുന്ന ശിവദാസൻനായർക്കും ഡൊമിനിക് പ്രസന്റേഷനും എതിരായ കേസ് നിലനിൽക്കുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഇരുവരും ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. തനിക്കെതിരെയുണ്ടായ അതിക്രമം കരുതിക്കൂട്ടിയുള്ളതായിരുന്നു. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വനിതകളെ ആക്രമിച്ചതോടെ എൽഡിഎഫ് അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. നടപടിക്കുമുമ്പ് നടന്ന സംഭവത്തിൽ സഭാംഗമെന്ന അവകാശംപോലും പ്രതികൾക്ക് ലഭിക്കില്ല. എന്നാൽ, സ്ത്രീയായ എന്റെ പരാതിയിൽ കേസെടുക്കാൻ അന്നത്തെ സർക്കാർ തയ്യാറായില്ല.
സ്ത്രീത്വത്തെ അപമാനിക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് ജീവനില്ലാത്ത കംപ്യൂട്ടറിന്റെയും കസേരയുടെയും കണക്കെടുക്കുന്നത്. സ്പീക്കറായിരുന്ന എൻ ശക്തനും ഡിജിപിക്കും പരാതി നൽകിയിരുന്നു. അത് അവഗണിച്ചു. നിരവധിപേരെ തള്ളിമാറ്റിയാണ് ശിവദാസൻനായർ പിന്നിലെത്തി എന്നെ അപമാനിച്ചത്. സ്ത്രീകളോട് എന്തുമാകാം എന്ന മനോഭാവമാണ് യുഡിഎഫുകാരിൽനിന്ന് ഉണ്ടായതെന്നും ജമീല പ്രകാശം ദേശാഭിമാനിയോട് പറഞ്ഞു.