ന്യൂഡൽഹി
നിയമസഭ പ്രതിഷേധക്കേസിലെ സുപ്രീംകോടതി വിധിയുടെ പേരിലുള്ള രാഷ്ട്രീയ കോലാഹലങ്ങൾ അനാവശ്യം. ഭരണഘടന 321–-ാം അനുച്ഛേദം അനുസരിച്ച് വിചാരണ ഒഴിവാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടി ശരിവയ്ക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്. ‘കേസുമായി ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ചോ തെളിവുകളെക്കുറിച്ചോ എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തിയാൽ അത് വിചാരണനടപടികളെ കാര്യമായി ബാധിക്കും’–- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി. തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണക്കോടതിയാണ് കേസിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന് വ്യക്തം.
വിചാരണ ഒഴിവാക്കാൻ 2018 ജൂലൈയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയിൽ തെളിവുകളുടെ അഭാവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾ അവ്യക്തമാണ്. സ്വാഭാവിക സാക്ഷികളുടെ (എംഎൽഎമാരുടെ) മൊഴി രേഖപ്പെടുത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. 2015 മാർച്ച് 13ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മുഴുവനാളുകളെയും തിരിച്ചറിയാനോ പങ്കാളിത്തം വ്യക്തമാക്കാനോ സാധിച്ചിട്ടില്ല. ശേഖരിച്ച തെളിവുകൾക്ക് നിയമസാധുത ഇല്ലെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിയമസഭ ഇലക്ട്രോണിക് കൺട്രോൾ റൂമിൽനിന്ന് വീഡിയോ റെക്കോഡിങ് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സ്പീക്കറുടെ അനുമതിയില്ലാതെയാണിത്. അതിനാൽ, തെളിവുനിയമത്തിലെ 65 ബി വകുപ്പ് പ്രകാരം ഇത് തെളിവായി സ്വീകരിക്കാനാകില്ല. ഈ വിഷയങ്ങളെല്ലാം വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും അതിലേക്ക് കടക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണക്കോടതി വിധി പുറപ്പെടുവിക്കേണ്ട വിഷയത്തിലാണ് അനാവശ്യ വിവാദം.
യുഡിഎഫ് മറന്നോ
വിചാരണക്കാലം
ഉമ്മൻചാണ്ടി അടക്കം നിരവധി യുഡിഎഫ് നേതാക്കന്മാർ മന്ത്രിമാരായിരിക്കെ വിവിധ കേസുകളിൽ വിചാരണ നേരിട്ടുവെന്നതിന് നിയമസഭാ രേഖ. 2013 മാർച്ച് 18ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിതന്നെയാണ് സി ദിവാകരന്റെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കെ ബാബു, സി എൻ ബാലകൃഷ്ണൻ, അടൂർ പ്രകാശ് എന്നിവരാണ് അന്ന് വിചാരണ നേരിട്ട മന്ത്രിമാർ. ഭക്ഷ്യമന്ത്രിയായിരുന്ന അടൂർ പ്രകാശ് റേഷൻ മൊത്തവിതരണ ലൈസൻസ് വഴിവിട്ട് നൽകിയ കേസിലും കെ ബാബു ഹൈവേ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് വിചാരണ നേരിട്ടത്. പാമോലിൻ, ടൈറ്റാനിയം അഴിമതിക്കേസുകളിൽ ഉമ്മൻചാണ്ടിക്കെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായിട്ടും രാജിയുണ്ടായില്ല. ടൈറ്റാനിയം കേസ് കഴിഞ്ഞ പിണറായി സർക്കാർ സിബിഐക്ക് വിട്ടു. കരുണാകരൻ സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാൽ എക്സൈസ് ഗാർഡ് നിയമനത്തട്ടിപ്പിൽ വിചാരണ നേരിട്ടപ്പോഴും രാജിയുണ്ടായില്ല. ഇവരാണ് നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് മുറവിളിക്കുന്നത്.