തിരുവനന്തപുരം
കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണത്തിന് മറുപടിയുമായി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. രണ്ട് തരംഗം വന്നിട്ടും മരണനിരക്ക് ഒരു ശതമാനത്തിൽ കൂടാത്തത് കേരളത്തിന്റെ വിജയമാണ്. നാലുതവണ കേരളം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാമതായി. എന്നിട്ടും ഓക്സിജനോ ഐസിയു കിടക്കയോ കിട്ടാതെ ഇവിടെ ആരും മരിച്ചില്ല.
2020ൽ 2019നെ അപേക്ഷിച്ച് കേരളത്തിൽ മൊത്തം 23,000 മരണം കുറയുകയും ചെയ്തു. 2020 മാർച്ച് മുതൽ 2021 മെയ് വരെയുള്ള മൊത്തം മരണസംഖ്യയിലും ഈ കുറവുണ്ട്. ഏറ്റവും വേഗത്തിൽ പരമാവധി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. ഐസിഎംആറിന്റെ സർവേ അനുസരിച്ച് കോവിഡ് ആന്റിബോഡി കേരളത്തിൽ പകുതി പേരിലില്ല. ഒന്നര കോടി ആളുകളിൽ രോഗം ബാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിൽ അതിശയമില്ല. മൂന്നാം തരംഗവും ഉണ്ടാകും. കേരളത്തെപ്പോലെ കേസുകൾ അടിച്ചൊതുക്കുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ അഞ്ചാം തരംഗമെത്തി. ആശുപത്രി സംവിധാനങ്ങളുടെ പരിധിക്ക് താഴെ കേസുകൾ നിർത്തുക, ജനങ്ങളിൽ പ്രതിരോധശേഷി ഉണ്ടാക്കുക എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.