തിരുവനന്തപുരം
ഓണക്കാലത്ത് ‘കൈത്തറി ചലഞ്ച്’ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. 5000 രൂപയുടെ തുണിത്തരങ്ങൾ 2999 രൂപയ്ക്ക് വിൽക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കൈത്തറി പ്രചാരത്തിന് നിയമസഭാംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോവിഡിനിടയിലും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഖാദി ഉൽപ്പാദന കേന്ദ്രങ്ങൾ കഴിവതും മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കാനും തൊഴിൽ നൽകാനും ശ്രമിച്ചതായും കെ കെ ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി പറഞ്ഞു.
കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട 12,500 ഖാദി തൊഴിലാളികൾക്ക് മിനിമം വേതന പദ്ധതിപ്രകാരം അനുവദിച്ച 22 കോടി രൂപ വിതരണംചെയ്തു. കോവിഡ്- ബാധിച്ച തൊഴിലാളി/കുടുംബാംഗങ്ങൾക്ക് 2000 രൂപവീതം നൽകുന്നു. എല്ലാ ഖാദി ഗ്രാമ വ്യവസായ തൊഴിലാളികൾക്കും 1000 രൂപ വീതവും 2020 ഓണത്തിന്റെ ഉത്സവബത്ത 1500 രൂപയ്ക്ക് പുറമെ 250 രൂപവീതം അധികവും നൽകി. ക്ഷേമനിധി ബോർഡിൽനിന്ന് 1000 രൂപവീതം രണ്ട് പ്രാവശ്യം അനുവദിച്ചു. കോവിഡ്- ആദ്യ തരംഗത്തിൽ നൂൽക്ഷാമം, തൊഴിൽ നഷ്ടം, വിപണനത്തിലെ കുറവ് എന്നിവ അനുഭവപ്പെട്ടു. സ്കൂൾ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്ത് ജോലികൾ പുനരാരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം 56 ദിവസത്തിനുപുറമേ 50 ദിനം സ്പെഷ്യൽ റിബേറ്റ് അനുവദിച്ചിരുന്നു. ബീഡി തൊഴിലാളി ഉന്നമനത്തിന് ദിനേശ് ബീഡി സമർപ്പിച്ച പദ്ധതികൾക്ക് അഞ്ച് കോടി രൂപ ഭരണാനുമതിയായെന്നും മന്ത്രി രാജീവ് പറഞ്ഞു.