കളമശേരി
വൈകല്യം സംഭവിച്ച അസ്ഥികോശങ്ങൾ വീണ്ടെടുക്കാൻ ഔഷധസസ്യമായ ചങ്ങലംപരണ്ടയ്ക്ക് കഴിയുമെന്ന കണ്ടെത്തലുമായി കുസാറ്റ് ഗവേഷകർ. അസ്ഥികളുടെ പുനര്നിര്മാണത്തിന് ചങ്ങലംപരണ്ടയുടെ നാരുകള് ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്. കുസാറ്റ് പോളിമര് സയന്സ് ആൻഡ് റബര് ടെക്നോളജി വകുപ്പിലെ ഡോ. ജി എസ് ശൈലജയുടെ നേതൃത്വത്തില് പ്രസീത ആര് നായര്, ഡോ. എസ് ശ്രീജ എന്നിവരടങ്ങുന്ന ഗവേഷകരാണ് കണ്ടുപിടിത്തം നടത്തിയത്. കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി അവസാന അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഗവേഷകർ.
അസ്ഥികള്ക്കുണ്ടാകുന്ന ഒടിവ്, ചതവ് എന്നിവയ്ക്ക് ചങ്ങലംപരണ്ടയുടെ നീര് നല്ലതാണെന്ന നാട്ടറിവിനെ പിന്തുടര്ന്നാണ് ഗവേഷകസംഘം കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. ചങ്ങലംപരണ്ടയിലെ നാരുകളുടെ ഔഷധഗുണം ഉപയോഗപ്പെടുത്തി ശരീരത്തില് ലയിച്ചുചേരുന്ന താങ്ങ് വികസിപ്പിച്ചെടുക്കുകയായിരുന്നു. നാരുകൾ അസ്ഥികോശ വ്യാപനത്തിനും വര്ധനവിനും വഴിയൊരുക്കുന്നതായി സ്ഥിരീകരിച്ചു. വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനര്നിര്മാണത്തിനും പുനഃസ്ഥാപിക്കാനും സഹായിക്കുന്നുവെന്നും കണ്ടെത്തി.
ചെലവു കുറഞ്ഞതും ആവശ്യമുള്ള ആകൃതിയിലും വലുപ്പത്തിലും ഉണ്ടാക്കി എടുക്കാവുന്നതുമായ ജൈവതാങ്ങുകൾ അസ്ഥിരോഗ ചികിത്സാരംഗത്ത് മാറ്റങ്ങള്ക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.