കൊണ്ടോട്ടി
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കടത്ത് കേസിൽ മൂന്നുപേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്സൽ, കൊളപ്പാടൻ മുഹമ്മദ് നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജില്ലാ അതിർത്തിയിൽവച്ച് വഴിക്കടവ് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26–-ആയി. 15 വാഹനങ്ങളും പിടിച്ചെടുത്തു.
പ്രതികളുടെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയിൽ സ്വർണ ഇടപാടിന്റെ രേഖകളും നഞ്ചക്കുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കണ്ണൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് കരുവാരക്കുണ്ട് സ്റ്റേഷനിലും മണൽക്കടത്ത് വാഹനങ്ങൾ പിടികൂടിയ പൊലീസുകാരനെ വീട്ടിലേക്ക് പോകുംവഴി വധിക്കാൻ ശ്രമിച്ചതിന് എടവണ്ണ സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. മണൽക്കടത്ത് സംഘത്തിലെ പ്രധാനികളായ ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളുണ്ട്.
പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊലപാതകശ്രമത്തിനും കേസുണ്ട്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മഞ്ചേരിയിലെ ഫ്ലാറ്റിൽവച്ച് മർദിച്ച സംഭവത്തിലും പ്രതിയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പിടികൂടിയത്.