തിരുവനന്തപുരം
കാര്യവട്ടം ഗ്രീൻഫീൽഡ് അടക്കം പ്രത്യേകാവശ്യങ്ങൾക്ക് നിർമിച്ച സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റംവരെയും പോകും. സ്പോർട്സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പോർട്സ് കേരള ലിമിറ്റഡ് കമ്പനി നിലവിൽ വരുന്നതോടെ സ്റ്റേഡിയങ്ങളുടെ പരിപാലനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിഹാരമാകും. ആഗസ്തോടെ കമ്പനി നിലവിൽവരും. ഗ്രീൻഫീൽഡ് സ്റ്റേഡിയം ആർമി റിക്രൂട്ട്മെന്റ് റാലിക്ക് വിട്ടുനൽകിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റായ സമീപനം ഉണ്ടായെന്നു കരുതുന്നതായി മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സ്പോർട്സ് ഡയറക്ടറെ ചുമതലപ്പെടുത്തി.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പരിപാലനത്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പ്രതികരണവും സഹകരണവുമാണ് ലഭിക്കുന്നതെന്ന് കെസിഎ ഭാരവാഹികൾ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി നായർ, പ്രസിഡന്റ് സജൻ കെ വർഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.