തൃശൂർ
കുഴൽപ്പണക്കടത്തിനു പിന്നാലെ കള്ളനോട്ടടിയും പുറത്തായതോടെ ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ. കള്ളനോട്ട് കേസിൽ ബിജെപിക്കാരായ രാകേഷും രാജീവും അറസ്റ്റിലായതും ബിജെപി കുഴൽപ്പണം ഇറക്കിയതും ബംഗളൂരുവിൽനിന്നാണ്. രണ്ട് കേസിലും പ്രതിസ്ഥാനത്ത് ബിജെപിക്കാരാണ്.
കൊടുങ്ങല്ലൂരിൽ കള്ളനോട്ട് കണ്ടെടുത്ത കേസിൽ ബിജെപിക്കാരായ എരാശ്ശേരി രാകേഷ്, സഹോദരൻ രാജീവ്, കോന്നംപറമ്പിൽ ജിത്തു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ വെള്ളിക്കുളങ്ങരയിലെ ബിജെപി പ്രവർത്തകൻ വെട്ടിയാട്ടിൽ ദീപക് ജയിലിലാണ്. കുഴൽപ്പണക്കടത്ത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജീവ് യുവമോർച്ച കയ്പമംഗലം മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു, രാകേഷ് ബിജെപി ബൂത്ത് പ്രസിഡന്റും. 2017-ൽ വീട്ടിൽനിന്നും കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാകേഷും രഞ്ജിത്തും ബിജെപിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തായിരുന്നു.
കൊടകരയിലെ കുഴൽപ്പണക്കടത്തിലും ബിജെപി സംസ്ഥാന, – ജില്ലാ നേതാക്കൾ പ്രതിക്കൂട്ടിലേക്ക് നീങ്ങുകയാണ്. സുരേന്ദ്രന്റെ അറിവോടെ ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുവന്ന കുഴൽപ്പണമാണ് കവർന്നതെന്ന് അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പണം കടത്തിയ ധർമരാജൻ ഇടനിലക്കാരനാണ്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷും ഓഫീസ് സെക്രട്ടറി ഗിരീഷും നിർദേശിച്ച പ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ളതായിരുന്നു പണം. തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറി ഹരി, മേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയസേനൻ തുടങ്ങിയവരുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സഹോദരങ്ങൾ റിമാൻഡിൽ
കള്ളനോട്ട് കേസ്: അന്വേഷണം
കൂടുതൽ പേരിലേക്ക്
കള്ളനോട്ട് കേസിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക്. മുനമ്പം ഹാർബർ കേന്ദ്രീകരിച്ചും കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ് ചിലർ. മത്സ്യവിൽപ്പനക്കാർ, ലോട്ടറി വിൽപ്പനക്കാർ, മീൻതട്ട് നടത്തുന്നവർ തുടങ്ങിയവർക്കാണ് ദിവസപ്പലിശയ്ക്ക് കള്ളനോട്ട് നൽകിയിരുന്നത്. ഇങ്ങനെ പണം നൽകിയിരുന്ന പലിശക്കാരെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ യഥാർഥ കറൻസി നൽകിയാൽ മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടാണ് മാഫിയ സംഘം നൽകിയിരുന്നത്. തീരദേശം കേന്ദ്രീകരിച്ചാണ് കൂടുതൽ കള്ളപ്പണം വിതരണം ചെയ്തിട്ടുള്ളത്. വ്യാജ കറൻസികൾ ബിസിനസ് മേഖലയിലെ സാധാരണക്കാരിലേക്കും എത്തിയിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് കാവലിൽ കഴിയുന്ന ജിത്തുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ട് ശൃംഖലയിലെ കൂടുതൽ പേരെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരന്മാരായ വ്യക്തികളിലേക്കും അന്വേഷണം നീളും.
അറസ്റ്റിലായ ബിജെപിക്കാരായ സഹോദരങ്ങളെ കോടതി റിമാൻഡ്ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ എരാശേരി രാകേഷ് (37), സഹോദരൻ രാജീവ് (35) എന്നിവരെയാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ ഇവരെ അറസ്റ്റ് ചെയ്തത്. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ മറ്റൊരു ബിജെപി പ്രവർത്തകനായ കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽനിന്ന് കള്ളനോട്ട് കണ്ടെത്തിയ കേസ് അന്വേഷണത്തിനിടെയാണ് രാകേഷിനെയും രാജീവിനെയും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഇവരെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങും.