സിൽച്ചാർ
സംഘർഷ ഭീതി തുടരുന്ന അസം–- മിസോറം അതിർത്തിയിൽ ഗതാഗതം പൂർവസ്ഥിതിയിലായില്ല. ആക്രമണം ഭയന്ന് അവശ്യസാധനങ്ങളുള്ള ട്രക്കുകളടക്കം അതിർത്തി കടക്കാൻ തയ്യാറാകുന്നില്ല.
യുദ്ധസമാന സാഹചര്യത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. മിസോറം അതിർത്തിക്കു സമീപമുള്ള ദോലയ് ഗ്രാമത്തിൽ ട്രക്കുകളുടെ നീണ്ടനിര. മിസോറമിലേക്ക് സഞ്ചരിക്കരുതെന്ന് ആളുകളോട് അസം സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശവും നിലവിലുണ്ട്. ഇതിനിടെ, മിസോറമിലേക്കുള്ള വഴികളടച്ച് വിവിധ സംഘടനകൾ നടത്തുന്ന ഉപ രോധം അവസാനിച്ചെന്ന് അധികൃതർ അവകാശപ്പെട്ടു. ഇരു സംസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 306ൽ സിആർപിഎഫ് പട്രോളിങ് ശക്തമാക്കി. അസം– -മിസോറം സർക്കാരുകൾ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് വടക്കു കിഴക്കൻ എംപിമാരുടെ ഫോറം ആവശ്യപ്പെട്ടു.