തലശേരി
യുഡിഎഫ് നേതൃത്വത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒന്നാംപ്രതിക്ക് 42 വർഷം കഠിനതടവും 8.8 ലക്ഷം രൂപ പിഴയും. ബാങ്ക് മന്ന ബ്രാഞ്ച് മാനേജരായിരുന്ന കണ്ണൂർ താളിക്കാവ് ജംസ് ഹൗസിൽ കെ പി മുഹമ്മദ് ജസീലിനെ (47) യാണ് തലശേരി വിജിലൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കാമെന്ന ആനുകൂല്യത്തിൽ പത്തു വർഷമാകും കഠിനതടവ്. പിഴത്തുകയിൽ നാല് ലക്ഷം ബാങ്കിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം.
രണ്ടു മുതൽ അഞ്ചുവരെ പ്രതികളായ ബാങ്ക് സെക്രട്ടറി അലവിലെ എൻ പി ഹംസ, ബാങ്ക് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ വളപട്ടണം മിൽറോഡിലെ ടി സൈഫുദ്ദീൻ, ചീഫ് അക്കൗണ്ടന്റ് അഞ്ചാംപീടിക ചിറക്കുറ്റിയിലെ കെ വി സനിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി അഴീക്കോട് ചെമ്മരശേരിയിലെ പി വി നിഷാകുമാരി എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടു.
ഒന്നാംപ്രതിയും കൂട്ടാളികളും ചേർന്ന് 10 കോടിയോളം രൂപ തട്ടിയതിൽ 12 കേസുകളാണുള്ളത്. ഇതിൽ ആക്സിസ് ബാങ്കിന്റെ ചെക്ക് ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. മറ്റ് 11 കേസിൽ ഒമ്പതെണ്ണം കുറ്റപത്രം സമർപ്പിച്ച് വിചാരണയിലാണ്. രണ്ടു കേസിൽ കുറ്റപത്രം തയ്യാറാക്കി വരുന്നു.