തിരുവനന്തപുരം > സെൽവമാരി എന്ന പെൺകുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന സെൽവമാരി എൽഡിഎഫ് സർക്കാർ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ സർവീസിൽ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്. വഞ്ചിവയൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലാണ് സെൽവമാരി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.
സെൽവമാരിയെ കുറിച്ച് കേട്ടറിഞ്ഞ മന്ത്രി വി ശിവൻകുട്ടി ഫോണിൽ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരിൽ കാണാൻ സെൽവമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ സെൽവമാരിയെ ഫലകവും പൊന്നാടയും നൽകിയാണ് സ്വീകരിച്ചത്. സെൽവമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങൾ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയിൽ സെൽവമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.
പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളെ അമ്മ സെൽവം വളർത്തിയത് ഏലക്കാടുകളിൽ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം സെൽവമാരിയും പണിക്കിറങ്ങി. സർക്കാർ സ്കൂളിലാണ് സെൽവമാരി പഠിച്ചത്. തമിഴ്നാട്ടിൽ പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ബിരുദമെടുത്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും. കുമളി എം.ജി യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എഡ് പൂർത്തിയാക്കിയ സെൽവമാരി തൈക്കാട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്ന് എം.എഡും എടുത്തു. എം.ഫില്ലിൽ എ പ്ലസ് ഗ്രേഡോടെ ഒന്നാമതായി.
സഹോദരങ്ങളായ സുകന്യയും സുധയും സെൽവമാരിയെ മാതൃകയാക്കി ആയിരുന്നു പഠനം. സുകന്യ എം എസ് സി ബി എഡും സുധ ബി എസ് സി ബി എഡും ആണ്. സെൽവമാരിയുടെ ജീവിതകഥ പഠന പാതയിലുള്ള ഏവർക്കും പ്രചോദനമാകണമെന്ന് മന്ത്രി പറഞ്ഞു.