ന്യൂഡൽഹി
രാജ്യത്തെ ജനറൽ ഇൻഷുറൻസ് മേഖലയുടെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന ബിൽ ലോക്സഭയിൽ. തെരഞ്ഞെടുക്കുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനാണ് പുതിയ നിയമനിർമാണം. ജനറൽ ഇൻഷുറൻസ് മേഖല വിദേശക്കുത്തകകൾ കൈയടക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു.
ഇൻഷുറൻസ് ദേശസാൽക്കരണ നിയമം(1972) ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. നാഷണൽ, ന്യൂ ഇന്ത്യ, ഓറിയന്റൽ, യുണൈറ്റഡ് ഇന്ത്യ കമ്പനികളിൽ ഒരെണ്ണം സ്വകാര്യവൽക്കരിക്കും. 1972ൽ 107 സ്വകാര്യസ്ഥാപനത്തെ നാല് ഗ്രൂപ്പാക്കിയാണ് പൊതുമേഖലാ കമ്പനികൾ രൂപീകരിച്ചത്.
ഇൻഷുറൻസ് മേഖലയിൽ പൊതു–-സ്വകാര്യ പങ്കാളിത്തം വഴി കൂടുതൽ വിഭവസമാഹരണം നടത്താനാകുമെന്ന് ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ജനങ്ങളുടെ പണം കൂടുതലായി വിപണിയിലെത്തിക്കലാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രയോജനം ആർക്കാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം എഫ്ഡിഐ(നേരിട്ടുള്ള വിദേശനിക്ഷേപം) അനുവദിച്ചതിനു തുടർച്ചയാണ് സ്വകാര്യവൽക്കരണം.