തിരുവനന്തപുരം: കോവിൻ പോർട്ടലിലെ തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് വാക്സിനേഷൻ നടപടിക്രമങ്ങളിൽ പ്രതിസന്ധി. വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ള ലോഗിൻ ആണ് തകരാറിലായത്. ഇതേത്തുടർന്ന് ഉച്ച മുതലുള്ള വാക്സിനേഷൻ നിശ്ചലമായ അവസ്ഥയിലാണ്. രജിസ്ട്രേഷൻ, വാക്സിനേഷൻ എന്നീ പ്രക്രിയകളുടെ രേഖപ്പെടുത്തലാണ് മുടങ്ങിയത്.
ഇതേത്തുടർന്ന് പല കേന്ദ്രങ്ങളിലും വാക്സിനേഷൻ നിർത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവരങ്ങൾ എഴുതിവെച്ച ശേഷം വാക്സിനേഷൻ പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പ് കേന്ദ്രത്തെ വിവരമറിയിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് വിശദീകരണം.
സംസ്ഥാനത്തിന്റെ കൈവശമുണ്ടായിരുന്ന ഡോസുകൾ തീർന്നതിനെതുടർന്ന് ബുധനാഴ്ചയാണ് കേരളത്തിന് പുതിയ ഡോസുകൾ അനുവദിച്ചത്. സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തത് പരിഗണിച്ച് കൂടുതൽ ഡോസ് വാക്സിൻ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
Content Highlights: vaccination has been stopped for a while as Cowin portal faces technical problem