തിരുവനന്തപുരം: സർക്കാരിനെവിമർശിച്ച്മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലാണ് വിമർശനവുമായികെ.കെ. ശൈലജ രംഗത്തെത്തിയത്. കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുൻമന്ത്രിയുടെ വിമർശനം.
ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയിൽ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴിൽ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.
ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് അവർ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ഉന്നയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും ഉയർന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സർക്കാർ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Covid packages are insufficient says k k shailaja