തിരുവനന്തപുരം:പരമോന്നത നീതിന്യായ കോടതിയുടെ വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിചാരണകോടതിയിൽ കൈയും കെട്ടി നിൽക്കേണ്ട ആളാണോ കുട്ടികൾക്ക് മാതൃകയാകേണ്ട കേരളത്തിന്റെ പൊതുവിദ്യഭ്യാസ മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ വസ്തുതാപരമായ ധാരാളം തെറ്റുകൾ അദ്ദേഹം ആവർത്തിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ അതെല്ലാം നിയമസഭയ്ക്ക് അകത്ത് തീർക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അത് തെറ്റാണ്.
കേരള നിയമസഭയിൽ 1970-ൽ അന്നത്തെ പ്രതിപക്ഷം, അതായിത് ഇന്നത്തെ ഇടതുപക്ഷം അന്നത്തെ സ്പീക്കർ ദാമോദരൻ പോറ്റിയെ ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 2015-ൽ നടന്നതിന് സമാനമായ സംഭവമാണിത്. പഞ്ചാബ് നിയമസഭയിൽ ഒരു എം.എൽ.എ മൈക്ക് നശിപ്പിച്ചതിന് സ്പീക്കർ അന്ന് കേസ് കൊടുത്തു. കേസിൽ കോടതിയുടെ ശിക്ഷയും ലഭിച്ചു.
പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവം നിയമസഭയ്ക്ക് ഉള്ളിൽ തന്നെ എല്ലാ സംസ്ഥാനങ്ങളും പരിഹരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇപ്പോഴും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ നിലപാട് ശരിയാണെന്ന് പറയാതെ പറയുകയാണ് സർക്കാർ.
സർക്കാരിന്റെ അഭിഭാഷകയായ അഡ്വ.ബീന സതീഷ് സർക്കാരിന്റെ നിലപാട് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ ഇതേ തുടർന്ന് മറ്റൊരു അഭിഭാഷകനെ വിട്ട് ബീന സതീഷിനെ ഭീഷണിപ്പെടുത്തുകയും പിന്നീട് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി. തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നടക്കുമ്പോഴായിരുന്നു ഇത്.
എന്നാൽ വിധി മനസ്സിലാകാത്ത സർക്കാർ ഹൈക്കോടതിയിലേക്ക് പോകുകയാണ് ഉണ്ടായത്. ഹൈക്കോടതി വിധിയിലും കേസ് യാതൊരു തരത്തിലും പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതാണ്. സർക്കാരിനെതിരെ നടന്ന ക്രിമിനൽ കുറ്റത്തിൽ നിന്നും രക്ഷപ്പെടാൻ പൊതു ഖജനാവിൽ നിന്നും പണം ഈടാക്കി സുപ്രീം കോടതി വരെ കേസ് നടത്തി. ഈ ശ്രമം പരിതാപകരമായി പരാജയപ്പെടുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി വീണിടത്ത് നിന്നും ഉരുളുകയാണ്.
ആർ.ബാലക്യഷ്ണപിള്ള രണ്ടുപ്രാവശ്യം രാജിവെച്ചിട്ടുണ്ട്. അതിലൊരു തവണ ഇടമലയാർ കേസിൽ ശിക്ഷിച്ചതിന്റെ പേരിലാണ് അദ്ദേഹം രാജിവെച്ചത്. കെ.കരുണാകരൻ രാജൻ കേസിൽ മന്ത്രി സ്ഥാനം രാജിവെച്ചത് കോടതിയുടെ പരാമർശം മൂലമാണ്.അല്ലാതെ കോടതി ശിക്ഷിച്ചിട്ടല്ല. കോടതി ശിക്ഷിച്ചാൽ മാത്രമേ മന്ത്രി സ്ഥാനം രാജി വെയ്ക്കുകയുള്ളൂവെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.
Content Highlights:v.d satheeshan aganist cm on assembly ruckus case