കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ സാമൂഹിക വിരുദ്ധരുടെ ശ്രമം. ഗൂഗിൾ മീറ്റുകളിൽ ഉൾപ്പെടെ ലിങ്ക് ഉപയോഗിച്ചു കയറിയാണ് അസഭ്യവർഷവും അശ്ലീല വീഡിയോയും പോസ്റ്റ് ചെയ്യുന്നത്. സ്കൂളുകളിൽ കടുത്ത മാനസിക സംഘർഷത്തിലാണ് അധ്യാപകർ. ഇതേക്കുറിച്ച് നിരവധി പരാതികളും സൈബർ പോലീസിന് ലഭിച്ചു കഴിഞ്ഞു.
കോഴിക്കോട് നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ഓൺലൈൻ ക്ലാസിനായി തയ്യാറാക്കിയ ഒമ്പതാം ക്ലാസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരുദിവസം രാത്രി നടന്നത് ഒരു മണിക്കൂറോളം നീണ്ട പേക്കൂത്താണ്. ഹാക്ക് ചെയ്ത് കയറിയവർ അസഭ്യവർഷവും അശ്ലീലദൃശ്യം തുരുതുരാ പോസ്റ്റ് ചെയ്യുകയായിരുന്നു. നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന വിശ്വാസമാണ് നഷ്ടപ്പെട്ടു പോകുന്നത്. നമ്മൾ ഗ്രൂപ്പ് അഡ്മിൻ ആയുള്ള ഗ്രൂപ്പിൽ മറ്റുള്ളവർ കയറിവന്ന് അനാവശ്യം പറയുമ്പോൾ കുട്ടികളും മാതാപിതാക്കളും അത് കേൾക്കുകയാണ്. ഒരു മണിക്കൂർ സമയത്തേക്ക് ഒരുപാട് മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ട്. എന്നെ കൂടി അഡ്മിനാക്കു മോളേ, ഇല്ലെങ്കിൽ ഈ നമ്പർ താൻ യൂസ് ചെയ്യും എന്നൊരു ഭീഷണി സന്ദേശവും വന്നിരുന്നു- അധ്യാപിക പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾക്ക് കൂടുതലും ആശ്രയിക്കുന്ന ഗൂഗിൾ, സൂം മീറ്റുകളിൽ നുഴഞ്ഞുകയറുന്നവർ നഗ്നരായി നൃത്തം വെക്കുന്നതിലും അധ്യാപകരെ ചീത്ത വിളിക്കുന്നതിലും വരെ കാര്യങ്ങളെത്തുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഓൺലൈൻ ക്ലാസിനായി വരുന്ന സർക്കാരിന്റെ ആപ്പ് കൂടുതൽ സുരക്ഷിതമാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.
content highlights:anti socials attempt to dirupt onlline classes