ന്യൂഡൽഹി
പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിൽ എയർപോർട്സ് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (ഭേദഗതി) ബില്ലും രാജ്യസഭയിൽ ഫാക്ടറിങ് റഗുലേഷൻ (ഭേദഗതി) ബില്ലും ചർച്ച കൂടാതെ പാസാക്കി. ഇരുസഭയും പലവട്ടം ചേർന്നെങ്കിലും നടപടികൾ തുടരാനായില്ല. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സാന്നിധ്യത്തിൽ അടിയന്തര ചർച്ചയെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു. പ്രഖ്യാപിത സഭാനടപടികളിൽ മാറ്റമില്ലെന്ന് സർക്കാരും നിലപാട് സ്വീകരിച്ചു.
വിമാനത്താവളം
വിൽക്കാനും ബിൽ
ലാഭകരമായതും അല്ലാത്തതുമായ വിമാനത്താവളങ്ങളെ ജോടിയാക്കി സ്വകാര്യവൽക്കരിക്കാൻ ഉതകുന്ന എയർപോർട്ട്സ് ഇക്കണോമിക് അതോറിറ്റി ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 24 രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ 137 എണ്ണമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൈകാര്യം ചെയ്യുന്നത്. 2018–-19ലെ കണക്കുപ്രകാരം ഇതിൽ 102ഉം പ്രവർത്തനനഷ്ടം നേരിടുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ലാഭത്തിലാണ്. ലാഭകരമല്ലാത്തവ ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി. യാത്രാനിരക്ക് നിശ്ചയിക്കാൻ അതോറിറ്റിക്ക് സ്വാതന്ത്ര്യം നൽകുന്ന ബില്ലാണ് പാസാക്കിയത്. യാത്രാനിരക്ക് വർധിക്കാൻ ഇത് ഇടയാക്കും.