മഹാത്മ ഗാന്ധിയുടെ കാലത്തുതന്നെ സജീവമായി തുടങ്ങിയതാണ് ഗുജറാത്തിൽ സഹകരണപ്രസ്ഥാനം. സ്വാതന്ത്ര്യാനന്തരം വായ്പാമേഖലയിലും ക്ഷീരമേഖലയിലുമായി സഹകരണസംഘങ്ങൾ ശക്തിപ്പെട്ടു. ഇന്ത്യയിലെ ധവള വിപ്ലവത്തിന് കരുത്തായത് ഗുജറാത്തിലെ ആനന്ദ് മാതൃകയിലുള്ള ക്ഷീര സഹകരണസംഘങ്ങളായിരുന്നു. 1980കളിൽ സംസ്ഥാനത്തെ മൊത്തം ബാങ്ക് ഇടപാടിന്റെ 65–-70 ശതമാനംവരെ സഹകരണമേഖലയിലായി. പിന്നീടിങ്ങോട്ട് സഹകരണമേഖലയുടെ പിടിത്തംവിടുന്നതാണ് കണ്ടത്.
അഴിമതിയും വെട്ടിപ്പും വൻകിടക്കാർക്ക് വായ്പ നൽകുന്നതും വ്യാപകമായതാണ് തകർച്ചയ്ക്ക് കാരണം. ചെറുകിട കർഷകർക്കും പാവപ്പെട്ടവർക്കും സഹകരണമേഖല അന്യമായി. ആദ്യം കോൺഗ്രസിനും പിന്നീട് ബിജെപിക്കുമായി സഹകരണമേഖലയിലെ ആധിപത്യം. 1995ൽ ബിജെപി അധികാരത്തിൽ വന്നതോടെ സഹകരണമേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാനായി നീക്കം.
അഴിമതി തുടക്കം
ഈടില്ലാ വായ്പയിൽ
ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വന്തക്കാർക്കും ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കും ഈടില്ലാതെ വായ്പ നൽകിയായിരുന്നു അഴിമതി. 1995നും 2005നും ഇടയിൽ ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ നിരവധി ബാങ്ക് അടച്ചുപൂട്ടി. ഇക്കാലയളവിൽ 10,000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്.
ആദ്യം പൂട്ടിയത്
പഞ്ചമഹൽ ജില്ലാ ബാങ്ക്
2003 ജൂണിലാണ് ഗുജറാത്തിലെ മന്ത്രിയുൾപ്പെട്ട സഹകരണ അഴിമതി പുറത്തുവന്നത്. പഞ്ചമഹൽ ജില്ലാ സഹകരണ ബാങ്കിൽനിന്ന് അന്നത്തെ പശുസംരക്ഷണ സഹമന്ത്രി പ്രഭാത്സിങ് ചൗഹാന്റെ നേതൃത്വത്തിൽ 124 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കടലാസ് സഹകരണ സംഘങ്ങൾക്കായി വായ്പ നൽകിയ കേസിൽ എംപിമാരും എംഎൽഎമാരും ബാങ്ക് ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് പ്രതികൾ. തട്ടിപ്പിനെത്തുടർന്ന് പൂട്ടേണ്ടിവന്ന ആദ്യത്തെ ജില്ലാ സഹകരണ ബാങ്കാണ് പഞ്ചമഹൽ ബാങ്ക്.
ഇതിനു പിന്നാലെയാണ് 450 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന വിസ്നഗർ സഹകരണ ബാങ്ക് തകർന്നത്. ചെയർമാനും കോൺഗ്രസ് നേതാവുമായ ഭോലഭായ് പട്ടേൽ നടത്തിയ തട്ടിപ്പുകളാണ് ബാങ്ക് തകർത്തത്. തട്ടിപ്പ് അന്വേഷിച്ച് നടപടിയെടുക്കാൻ അന്നത്തെ മോഡി സർക്കാർ തയ്യാറായില്ല. ഈ ബാങ്കിന്റെ തകർച്ചയ്ക്കു പിന്നാലെ സഹകരണ ബാങ്കുകളിൽനിന്ന് 5000 കോടി രൂപ നിക്ഷേപമാണ് ഇടപാടുകാർ പിൻവലിച്ചത്.
ചെയർമാൻ ഹസ്മുഖ് ഷാ സ്വന്തം സ്ഥാപനങ്ങൾക്ക് 50 കോടി വായ്പ നൽകിയതോടെയാണ് 120 കോടി ആസ്തിയുണ്ടായിരുന്ന അഹമ്മദാബാദിലെ ജനറൽ കോ–-ഓപ്പറേറ്റീവ് ബാങ്ക് തകർന്നത്. ബിജെപി നേതാവ് സി ആർ പാട്ടീലിന്റെ ഗൂഢനീക്കത്തെ തുടർന്നാണ് 130 കോടി രൂപ ആസ്തിയുണ്ടായിരുന്ന സൂറത്തിലെ ഡയമണ്ട് ജൂബിലി കോ–-ഓപ്പറേറ്റീവ് ബാങ്ക് തകർന്നത്. വെട്ടിപ്പുകാർക്കെതിരെ കേസെടുക്കാൻ പോലും ബിജെപി സർക്കാർ തയ്യാറായില്ല.