തിരുവനന്തപുരം
നിയമസഭാ സമ്മേളനം 13ന് അവസാനിപ്പിക്കുന്നതിനാൽ മൂന്നു ദിവസം അപരാഹ്ന സമ്മേളനം ചേരാനുള്ള കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് സഭ അംഗീകരിച്ചു. ആഗസ്ത് അഞ്ച്, 11, 13 തീയതികളിലാകും പകൽ രണ്ടിനുശേഷവും സഭ ചേരുക. നിലവിൽ സഭാ സമ്മേളനം വൈകിട്ടുവരെ നീളാറുണ്ടെങ്കിലും സാങ്കേതികമായി രാവിലെ ഒമ്പതുമുതൽ രണ്ടുവരെയാണ് സമയം. ഇതിനുശേഷം ഔദ്യോഗികമായി ചേരുന്നതാണ് അപരാഹ്ന സമ്മേളനം.
അഞ്ചിലെ അപരാഹ്ന സമ്മേളനത്തിൽ കേരള ധന ബിൽ പരിഗണനയ്ക്കെടുക്കും. 11ന് കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാലാ ബിൽ അവതരിപ്പിക്കും. തുടർന്ന് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. 13നു ധനവിനിയോഗ ബിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച ആയതിനാൽ 12.30ന് സഭ പിരിഞ്ഞശേഷം രണ്ടിന് വീണ്ടും ചേരും.