തിരുവനന്തപുരം
കേരളം കോവിഡ് രോഗവ്യാപനം നിന്ത്രിച്ചതിന് തെളിവായി ഐസിഎംആറിന്റെ നാലാം ദേശീയ സിറോ സർവേ റിപ്പോർട്ട്. രാജ്യത്ത് നൂറിൽ 67.6 പേർ രോഗികളെങ്കില്‍ കേരളത്തിൽ ഇത് 44.4 മാത്രം. അതായത് സംസ്ഥാനത്തെ 55.60 ശതമാനത്തിനും രോഗമില്ല. രോഗവ്യാപനം വൈകിപ്പിച്ച് രോഗികളുടെ എണ്ണം കുറയ്ക്കലാണ് കേരളം സ്വീകരിച്ച രീതി. ഇത് ഫലം കണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുജനാരോഗ്യ വിഭാഗം അസോ. പ്രൊഫസർ ടി എസ് അനീഷ് പറഞ്ഞു. സംസ്ഥാനത്തിന് കൂടുതൽ വാക്സിനാണ് വേണ്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വന്നത് മധ്യപ്രദേശിലാണ് (79 ശതമാനം). രാജസ്ഥാൻ (76.2), ബിഹാർ (75.9), ഗുജറാത്ത് (75.3), ഛത്തീസ്ഗഢ് (74.6).
സിറൊ സർവേ
തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡി സാന്നിധ്യം നിർണയിക്കുന്നതാണ് സിറൊ പ്രിവലൻസ് സർവേ. എത്ര ശതമാനം പേർക്ക് രോഗപ്രതിരോധശേഷി ആർജിക്കാനായി എന്ന് കണ്ടെത്താനാണിത്. കോവിഡ് മുക്തരിൽ ഐജിജി പോസിറ്റീവായിരിക്കും. കേരളത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തുന്നത്.