ന്യൂഡൽഹി
കോവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ കോവിഡ് വർക്കിങ് ഗ്രൂപ്പ് അംഗങ്ങളായ വിദഗ്ധര്‍. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഗഗൻദീപ് കാങ്ങും പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഡോ. ജയപ്രകാശ് മുളിയിലും ദേശീയ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിന രോഗസംഖ്യയുടെ പേരില്‍ ഊതിപ്പെരുപ്പിച്ച പ്രചാരണം നടക്കവെയാണ് കേന്ദ്ര സര്‍ക്കാർ സമിതിയിലെ വിദഗ്ധര്‍ കേരളമാതൃക ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നത്.
മികച്ച പ്രവര്‍ത്തനം
ഡോ. ഗഗൻദീപ് കാങ് (വൈറോളജിസ്റ്റ് )
കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയാണ് കേരളം. യാഥാർഥ്യത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന കോവിഡ് കണക്ക് കേരളത്തിന്റേതാണ്. ടെസ്റ്റിങ് രീതി മികച്ചതാണ്. പ്രതിദിനം ശരാശരി 1.40 ലക്ഷം പരിശോധന നടത്തുന്നു. എന്നാല്‍, മൂന്നിരട്ടി ജനസംഖ്യയുള്ള ബംഗാളിൽ പരിശോധന അരലക്ഷംമാത്രം. ചില സംസ്ഥാനം രോഗസ്ഥിരീകരണം അഞ്ചു ശതമാനത്തിൽ താഴെയാക്കാൻ രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്തുമ്പോൾ കേരളത്തിന്റെ പരിശോധന രോഗ വ്യാപനമേഖലയിലാണ്. കേരളത്തിൽ ഡെൽറ്റ വൈകിയാണ് എത്തിയത്. കേരളത്തിൽ വൈകിയെത്തിയ ഡെൽറ്റ വ്യാപിക്കുന്ന ഘട്ടമായതിനാലാണ് രോഗസംഖ്യ ഉയര്‍ന്നത്. വ്യാപനത്തിന്റെ വേഗം കുറച്ചും വാക്സിനേഷന്റെ വേഗം കൂട്ടിയും ജനങ്ങളെ സംരക്ഷിക്കുന്നതിലും മികച്ച പ്രകടനമാണ് കേരളത്തിന്റേത്–- ദി വയര്‍ വാർത്താ പോർട്ടലിൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പ്രതിരോധം വിജയം
ഡോ. ജയപ്രകാശ് മുളിയിൽ ( എപ്പിഡെമിയോളജിസ്റ്റ് )
മരണനിരക്ക് കുറച്ചുനിർത്താൻ കേരളത്തിനായി. ദേശീയതലത്തിലെ 1.32 ശതമാനത്തിൽനിന്ന് വളരെ കുറവാണ് കേരളത്തിലെ മരണനിരക്ക്. പകർച്ചവ്യാധി നിയന്ത്രണത്തിന്റെ മുഖ്യലക്ഷ്യം മരണം പരമാവധി കുറയ്ക്കുകയാണ്. ശക്തമായ പൊതുആരോഗ്യ സംവിധാനമുള്ളതിനാൽ കേസ് കൂടിയാലും നേരിടാൻ കേരളത്തിനാകും. എല്ലാ കാര്യവും ചെയ്യുന്നത് യുക്തിപരമായും ശാസ്ത്രീയവുമായാണ്. ആവശ്യത്തിനു കിടക്കയും ഓക്സിജനുമുണ്ട്. വൈറസിന്റെ എണ്ണമെടുക്കാനുള്ള ചിലരുടെ ‘ആഗ്രഹ’ത്തിന്റെ ഭാഗമാണ് പ്രതിദിന കേസുകൾ ഉയർത്തിപ്പിടിച്ചുള്ള ഊതിപ്പെരുപ്പിക്കലുകള്. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല. ഇപ്പോൾ കേസുകൾ കൂടുന്നതിന് അതുമൊരു കാരണമാണ്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകണം–- കേന്ദ്ര സർക്കാരിന്റെ കോവിഡ് വർക്കിങ് ഗ്രൂപ്പ് അംഗംകൂടിയായ അദ്ദേഹം ഔട്ട് ലുക്കിനോട് പ്രതികരിച്ചു.
വാക്സിനിലും
മുന്നിൽ
വാക്സിൻ വിതരണത്തിലും കോവിഡ് പരിശോധനയിലും ദേശീയ ശരാശരിയെ പിന്നിലാക്കി കേരളം. രാജ്യത്ത് രണ്ട് ഡോസും സ്വീകരിച്ചവർ ഏഴു ശതമാനമുള്ളപ്പോൾ കേരളത്തിലിത് 16.36 ശതമാനമാണ്. ജനസംഖ്യാനുപാതികമായി 37.97 ശതമാനവും. ദേശീയ നിരക്ക് 25.16 ആണ്. പത്തു ലക്ഷത്തിൽ ഏഴു ലക്ഷം പേർക്ക് എന്നനിലയിലാണ് പരിശോധന. ദേശീയ ശരാശരി മൂന്നു ലക്ഷം മാത്രം.