ന്യൂഡൽഹി
മെഡിക്കൽ, ഡെന്റൽ ബിരുദ–-ബിരുദാനന്തര കോഴ്സുകളുടെ അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി വിഭാഗത്തിന് 27 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനവും സംവരണമേർപ്പെടുത്തി. എംബിബിഎസ്, എംഡി, എംഎസ്, ഡിപ്ലോമ, ബിഡിഎസ്, എംഡിഎസ് കോഴ്സുകളിൽ 2021–-2022 വർഷംമുതൽ സംവരണം അനുവദിക്കും. 5500 വിദ്യാർഥികൾക്ക് തീരുമാനം ഗുണംചെയ്യും.
എംബിബിഎസിൽ ഒബിസി വിഭാഗത്തിലെ 1500 പേർക്കും പിജി കോഴ്സുകളിൽ 2500 പേർക്കും സംവരണ ആനുകൂല്യം ലഭിക്കും. ഇഡബ്ല്യുഎസ് വിഭാഗക്കാരായ 500 പേർക്ക് എംബിബിഎസിനും പിജി കോഴ്സുകളിൽ 1000 പേർക്കും സംവരണം അനുവദിക്കും. 2007ൽ സുപ്രീംകോടതി ഉത്തരവുപ്രകാരം പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും സംവരണം അനുവദിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം 1986ലാണ് മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ ക്വാട്ട ഏർപ്പെടുത്തിയത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ബിരുദ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തരബിരുദ സീറ്റുകളിലെ 50 ശതമാനവും അഖിലേന്ത്യാ ക്വാട്ടയിലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഒബിസി വിഭാഗങ്ങളുടെ കേന്ദ്രപട്ടികയിൽനിന്നാകും സംവരണം നിശ്ചയിക്കുക.