തനിക്കെതിരെ വഞ്ചനാ കുറ്റം നിലനിൽക്കില്ലെന്നും സെസി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാമില്ലാ വകുപ്പ് ചുമത്തിയതിനെത്തുടർന്ന് ദിവസങ്ങൾക്കു മുമ്പ് ആലപ്പുഴ കോടതിയിൽ നിന്നും സെസി കടന്നുകളഞ്ഞിരുന്നു. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷക ജോലി ചെയ്തുവെന്നാണ് കുട്ടനാട് രാമങ്കരി സ്വദേശി സെസിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
യോഗ്യതകളില്ലാതെ ഇവർ രണ്ടര വർഷം പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷനിൽ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സെസി നടത്തിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് സെസിക്കെതിരെ പരാതി നൽകിയത്.
യോഗ്യതകളില്ലാതെ പ്രാക്ടീസ് നടത്തിയെന്നും വ്യാജ എൻറോൾമെന്റ് നമ്പർ നൽകി ബാർ അസോസിയേഷൻ അംഗത്വം നേടിയെന്നുമാണ് പരാതി. ആലപ്പുഴ നോർത്ത് പോലീസാണ് സെസിക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നാലെ സെസി ഒളിവിൽ പോകുകയായിരുന്നു.