തിരുവനന്തപുരം
മഹാമാരിയുടെ പ്രതിസന്ധി തരണംചെയ്ത് പരീക്ഷയെഴുതിയ കുട്ടികൾ നേടിയ വിജയത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു. അവരുടെ മനോവീര്യം തകർക്കുന്ന ട്രോൾ ഒഴിവാക്കണം. നമ്മുടെ കുട്ടികളാണെന്ന ബോധ്യമുണ്ടാകണം. കഷ്ടപ്പെട്ട് പഠിച്ചവർ എസ്എസ്എൽസി പരീക്ഷാഫലത്തെ അപഹസിക്കുന്ന ട്രോളുകൾ കണ്ട് കരഞ്ഞുകൊണ്ടാണ് പരാതി പറഞ്ഞത്. ‘ട്രോളുന്നവർ ഞങ്ങളെ ട്രോളിക്കോളൂ, കുട്ടികളെ വെറുതെവിടൂ’ –- മന്ത്രി അഭ്യർഥിച്ചു.
വടക്കൻ ജില്ലകളിൽ
20 ശതമാനം സീറ്റ് കൂട്ടും
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ആഗസ്തിൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അർഹരായ മുഴുവൻ പേർക്കും പഠിക്കാൻ അവസരമൊരുക്കും. എല്ലാ വിഭാഗത്തിലുമായി 4.62 ലക്ഷം സീറ്റുണ്ട്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ 10 ശതമാനം സീറ്റും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.