ആലുവ
മുട്ടില് മരംമുറി കേസില് പ്രതികളായ നാലുപേരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തു. വയനാട് വാഴവറ്റ മൂറ്റാനാനിയില് റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, മരം കടത്തിയ വാഹനഡ്രൈവർ വിനീഷ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രതികളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ച് എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥര് അടങ്ങിയ സംഘം ചോദ്യം ചെയ്തത്. പ്രതികളെ എത്തിക്കുംമുമ്പ് പൊലീസ് ക്ലബ്ബില് എഡിജിപി എസ് ശ്രീജിത്തും വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്ന്നു.
കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് ആര് എസ് അരുണിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും ആലുവയിലെത്തി. ഇതിൽ സഹോദരങ്ങളായ പ്രതികൾ റോജി, ആന്റോ, ജോസുകുട്ടി എന്നിവരുടെ അമ്മ ബുധനാഴ്ച മരിച്ചു. അമ്മയുടെ സംസ്കാരച്ചടങ്ങില് പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതികള് പൊലീസിന്റെ പിടിയിലായത്. ഡ്രൈവറുടെ പങ്കും വിശദമായി അന്വേഷിക്കും. പ്രതികളെ വ്യാഴാഴ്ച വയനാട്ടിൽ എത്തിക്കുമെന്നും എഡിജിപി എസ് ശ്രീജിത് പറഞ്ഞു.