തിരുവനന്തപുരം
സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് രഹസ്യങ്ങൾ ചോർത്തുന്നുണ്ടെന്ന മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്ത് മുൻ ആഭ്യന്തരമന്ത്രിമാരുണ്ട്. അവർ പഴയ ബന്ധം വച്ച് പൊലീസിൽനിന്ന് രഹസ്യങ്ങൾ ചോർത്തുന്നുവെങ്കിൽ അത് കടന്നകൈയാണ്. അങ്ങനെ ചോർത്തുന്ന വിവരങ്ങൾ യാഥാർഥ്യമാണോയെന്ന് പരിശോധിക്കണം. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനിടയിലാണ് തിരുവഞ്ചൂർ ‘സർക്കാരിന് മാത്രമല്ല, തങ്ങൾക്കും പൊലീസ് ആസ്ഥാനത്തുനിന്ന് വിവരങ്ങൾ കിട്ടുന്നു’ണ്ടെന്ന് വെളിപ്പെടുത്തിയത്.
വിമാനത്താവളങ്ങളിൽ സ്വർണക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ അധികാരമുള്ളത് കസ്റ്റംസ്, സിഐഎസ്എഫ് തുടങ്ങി കേന്ദ്ര ഏജൻസികൾക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവർ ഏത് സംഘത്തിൽപ്പെട്ടവരായാലും പിടികൂടും. അവർ പുരയ്ക്കുമേലെ വളർന്നുവെന്നു പറഞ്ഞ് പൊലീസ് വിട്ടുകളഞ്ഞില്ല. ജയിലിൽനിന്ന് പ്രതികളെ മറ്റു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം മറ്റു ചില ശക്തികൾക്ക് ബലം നൽകാനാണ്. ജയിലിൽ നിയമപരമായി കാര്യങ്ങൾ നടപ്പാക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടപടികളെടുത്തത് നല്ല ഫലമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഇന്റലിജൻസ് എന്തുകൊണ്ട് ഇതൊന്നും അറിയുന്നില്ലെന്നും തിരുവഞ്ചൂർ ചോദിച്ചു. രാമനാട്ടുകര സ്വർണക്കടത്തിൽ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
മുസ്ലിങ്ങൾ അനർഹമായി ആനുകൂല്യം നേടുന്നില്ല
മുസ്ലിങ്ങൾ സർക്കാരിൽനിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ഗൗരവമായി കാണണം. മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മദ്രസ അധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നില്ല. അവർക്ക് ക്ഷേമനിധിയാണുള്ളത്. വർഗീയതാൽപ്പര്യങ്ങൾക്ക് മറ്റ് സമുദായങ്ങളുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് പ്രചാരണം നടക്കുന്നു. അതിൽ വീഴരുത്. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ എണ്ണം കൂടുതലാണെന്ന ആക്ഷേപം പരിശോധിക്കാം. മതവിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ടി വി ഇബ്രാഹിം, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളോട് വിട്ടുവീഴ്ചയില്ല ; സ്വർണക്കടത്ത്
തടയേണ്ടത് കേന്ദ്രം
വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് തടയേണ്ടത് കേന്ദ്ര ഏജൻസികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളിലടക്കം കേരള പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. കുറ്റവാളികളോട് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പൊലീസ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. പൊലീസാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കസ്റ്റംസ് തീരുവ അടയ്ക്കാതെ കൊണ്ടുവരുന്ന സാധന സാമഗ്രികളെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഭരണഘടന ഏഴാം ഷെഡ്യൂൾ പ്രകാരം കേന്ദ്ര പട്ടികയിലാണ് കസ്റ്റംസ്.
രാമനാട്ടുകര കേസിലെ കെ സി റമീസിന്റെ മരണം വാഹനാപകടമാണ്. റമീസിന്റെ ബൈക്ക് മുന്നിൽ പോയ കാറിൽ ഇടിച്ചാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ട്. സഹോദരൻ റജിനാസിന്റെ മൊഴിയിൽ വളപട്ടണം പൊലീസ് അന്വേഷിക്കുന്നുണ്ട്. റമീസ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. വിഷയദാരിദ്ര്യംകൊണ്ടാണ് പ്രതിപക്ഷം ഒരേകാര്യം വീണ്ടും സഭയിൽ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.