തിരുവനന്തപുരം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മോഡറേഷൻ ഇല്ലാതെ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതോടെ കരുതലിന്റെ വിജയാരവം വീണ്ടും ഉയരുന്നു. ജാഗ്രതയോടെ നേരിട്ടാൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന സന്ദേശമാണ് എസ്എസ്എൽസിക്കു പിന്നാലെ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിലെ പൊൻവിജയം സമ്മാനിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾ 10ഉം 12ഉം ക്ലാസുകളിലെ പരീക്ഷാ റദ്ദാക്കി ഫലം പ്രഖ്യാപിക്കുമ്പോഴാണ് മുഴുവൻ വിദ്യാർഥികളെയും സാമൂഹ്യ അകലം ഉറപ്പാക്കി ഹാളിലെത്തിച്ച് പരീക്ഷാ നടത്തിപ്പിൽ നൂറിൽ നൂറും നേടി കേരളം മുന്നിൽനിൽക്കുന്നത്. രോഗം ബാധിച്ച കുടുംബങ്ങളിൽനിന്നുള്ളവരെ പ്രത്യേക സൗകര്യമേർപ്പെടുത്തി പരീക്ഷയെഴുതിച്ചു.
പരീക്ഷാ നടത്തിപ്പിന്റെ പേരിൽ സർക്കാരിനെ അധിക്ഷേപിച്ച് നിയമവ്യവഹാരത്തിനു പുറപ്പെട്ടവർക്കുള്ള മറുപടിയാണ് ഈ വിജയം. 10 വർഷത്തിനുള്ളിൽ വിജയശതമാനത്തിലെ വർധന 13 ശതമാനത്തിലേറെയാണ്.
2 സ്കൂളിൽ ആരും ജയിച്ചില്ല; ഏഴിടത്ത് വിജയം
30 ശതമാനത്തിൽ താഴെ
പ്ലസ് ടു പരീക്ഷയിൽ ആരും ജയിക്കാത്ത രണ്ട് സ്കൂൾ. 30 ശതമാനത്തിൽ താഴെ വിജയം നേടിയ ഏഴ് സ്കൂളുണ്ട്. വെള്ളനാട് ശ്രീ സത്യസായി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷയെഴുതിയ ഏഴു പേരിൽ ആരും ജയിച്ചില്ല.
മൂവാറ്റുപുഴ രണ്ടാർക്കര എച്ച്എം ട്രസ്റ്റ് എച്ച്എസ്എസിൽ ആകെയുള്ള രണ്ടു കുട്ടികളും ഉപരിപഠനയോഗ്യത നേടിയില്ല. കോഴിക്കോട് പെരുമണ്ണ സ്വാമി ഭൂതാനന്ദ എച്ച്എസ്എസ്, ഇടുക്കി വാഗവറായ് എച്ച്എസ്എസ്, പാലക്കാട് പുത്തൂർ ട്രൈബൽ എച്ച്എസ്എസ്, തിരുവനന്തപുരം ചാല ഗവ. ബോയ്സ് എച്ച്എസ്എസ്, അടുക്കം ഗവ. എച്ച്എസ്എസ്, മലപ്പുറം മാറഞ്ചേരി അസ്ഹർ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്, കണ്ണൂർ ആറളം ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ 30 ശതമാനത്തിൽ താഴെയാണ് വിജയം.
വിഎച്ച്എസ്ഇ: 80.36 ശതമാനം
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 80.36 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം 76.06 ശതമാനമായിരുന്നു. 20346 പേർ പരീക്ഷയെഴുതിയതിൽ 16351 പേർ വിജയിച്ചു. കൂടിയ വിജയശതമാനം വയനാട് ജില്ല(87.50 ശതമാനം). കുറവ് പത്തനംതിട്ട(67.99 ശതമാനം). 88.11 ശതമാനം പെൺകുട്ടികളും 74.49 ശതമാനം ആൺകുട്ടികളും വിജയിച്ചു. 239 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.10 സർക്കാർ വിദ്യാലയവും അഞ്ച് എയ്ഡഡ് വിദ്യാലയവും സമ്പൂർണവിജയം നേടി. സംസ്ഥാനത്തെ നാല് ബധിര മൂക സ്കൂളിൽ എല്ലാം 100 ശതമാനം വിജയം നേടി.വൊക്കേഷണൽ ഹയർസെക്കൻഡറി സേ പരീക്ഷയിലെ പ്രായോഗിക പരീക്ഷകൾ ആഗസ്ത് ആറിന് ആരംഭിച്ച് 18 ന് പൂർത്തിയാക്കും.