തിരുവനന്തപുരം
കോവിഡ് മരണക്കണക്കിൽ വിവരാവകാശ നിയമപ്രകാരം ഒരു ദിവസത്തെ വ്യത്യാസത്തിൽ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) നൽകിയ രണ്ട് മറുപടിയിൽ ഒമ്പതിനായിരത്തിന്റെ ‘വർധന’. ജൂലൈ 22ന് നൽകിയ ആദ്യ മറുപടിയിൽ കോവിഡ് മരണം 2020ൽ 32ഉം 2021ൽ 14,432ഉം എന്നാണ് പറയുന്നത്. ജൂലൈ 23ന് നൽകിയ മറുപടിയിൽ മരണം 23,486 എന്നാണുള്ളത്. ഒറ്റ ദിവസംകൊണ്ട് മരണത്തിൽ 9022 വർധന. ഈ വ്യാജ കണക്ക് പൊക്കിപ്പിടിച്ചാണ് കോവിഡ് മരണം സർക്കാർ മറച്ചുവച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. ചില മാധ്യമങ്ങളും ഇവ ആഘോഷിച്ചു. കെപിസിസി സെക്രട്ടറിയായിരുന്ന അഡ്വ. പി ആർ പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയാണ് വി ഡി സതീശൻ സർക്കാരിനെതിരെ ആയുധമാക്കിയത്. പ്രാണകുമാർ ജൂലൈ 14നാണ് അപേക്ഷ നൽകിയത്. 23ന് മറുപടിയും നൽകി. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ധൃതിപിടിച്ച് പെരുപ്പിച്ച കണക്ക് മറുപടിയായി നൽകിയത് ദുരൂഹമാണ്.
ന്യൂസ് മിനുറ്റിലെ മാധ്യമ പ്രവർത്തകയുടെ വിവരാവകാശ അപേക്ഷയ്ക്കാണ് ഐകെഎം ആദ്യം കണക്ക് നൽകിയത്. ആദ്യ അപേക്ഷയ്ക്ക് ഒരു മാസത്തിനുശേഷമാണ് മറുപടി നൽകിയതെങ്കിൽ രണ്ടാമത്തെ അപേക്ഷയ്ക്ക് ഒമ്പത് ദിവസംകൊണ്ട് മറുപടി നൽകിയതിലും ദുരൂഹതയുണ്ട്.