കൊച്ചി
കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ ബാബു അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ഷർസിയാണ് കേസ് പരിഗണിച്ചത്.
ശബരിമല അയ്യപ്പന്റെപേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പിൽ അയ്യപ്പന്റെ വിഗ്രഹചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യന്റെ നാട്ടിൽനിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ടുപിടിച്ചു. 992 വോട്ടുകളുടെമാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. ഹർജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കും.