തിരുവനന്തപുരം
രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നതാണ് 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിന് ആധാരം. ക്രിമിനൽ കേസുകളിൽ നിയമസഭാംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നു പറഞ്ഞാണ് കേസ് പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. കുറ്റാരോപിതർ വിചാരണ നേരിടണമെന്ന് പറഞ്ഞപ്പോൾ മന്ത്രി വി ശിവൻകുട്ടിയടക്കം ആർക്കെതിരെയും വ്യക്തി പരാമർശമില്ല. രാഷ്ട്രീയ മാനമുള്ള നിലപാട് കോടതിയിൽനിന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയം. ഇപ്പോഴത്തെ കേസ് ക്രിമിനൽ കേസ് എടുക്കുന്നതിൽ കലാശിച്ചത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്.
1987–-91 സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്റെ കോളറിന് എം വി രാഘവൻ പിടിച്ചു. 1982ൽ വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ സസ്പെൻഡ് ചെയ്ത എംഎൽഎമാരെ തടയാൻ മഫ്തി പൊലീസിനെ ഇറക്കി. എം വിജയകുമാർ സ്പീക്കറായിരിക്കെ കസേരയിൽനിന്ന് പിടിച്ചുമാറ്റി കോൺഗ്രസ് എംഎൽഎമാർ കയറിയിരുന്നു.
ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കവും ജമീല പ്രകാശത്തെ കെ ശിവദാസൻ നായർ കൈയേറ്റം ചെയ്തതുമാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ ബാർകോഴ അഴിമതിയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിച്ചത്. കൈയേറ്റക്കേസ് നിലനിൽക്കുകയാണ്. സുപ്രീംകോടതി തീരുമാനം തിരിച്ചടിയെന്ന വ്യാഖ്യാനത്തിനും കഴമ്പില്ല. നിയമസഭയുടെ പരിരക്ഷയും ക്രിമിനൽ നടപടികളും തമ്മിലുള്ള കൊമ്പുകോർക്കലിനാണ് വഴിതുറന്നിരിക്കുന്നത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണയെന്ന സ്വാഭാവിക നടപടിയാണ് ഇനി. അതിനെ മുൻവിധിയോടെയാണ് പ്രതിപക്ഷം സമീപിക്കുന്നത്.