മംഗളൂരു
കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ തവർചന്ദ് ഗെലൊട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ യെദ്യൂരപ്പയും ചടങ്ങിനെത്തി. മന്ത്രിസഭാ രൂപീകരണ ചര്ച്ചയ്ക്കായി 30ന് ബൊമ്മെ ഡൽഹിയിൽ എത്തും.ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളീൻകുമാർ കട്ടീൽ പറഞ്ഞു. മൂന്നോ നാലോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. വിവിധ സമുദായ നേതാക്കളെ ഉപമുഖ്യമന്ത്രിയാക്കി അനുനയിപ്പിക്കാനാണ് നീക്കം. മുതിർന്ന നേതാവും കഴിഞ്ഞ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായ ജഗദീഷ് ഷെട്ടര് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത് തുടക്കത്തിലെ കല്ലുകടിയായി. കൂടുതൽ മുതിർന്ന നേതാക്കൾ ഇതേ തീരുമാനമെടുത്തേക്കും.
പുതിയ മുഖ്യമന്ത്രിയുടെ ആദ്യത്തെ വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. വിമതരെ ഉപമുഖ്യമന്ത്രി, പ്രധാന വകുപ്പുള്ള മന്ത്രിസ്ഥാനങ്ങൾ നൽകി ഒപ്പംനിർത്താൻ ശ്രമിച്ചാൽ കൂടെയുള്ളവരെ കൈവിടേണ്ടിവരും. കൂടാതെ കോൺഗ്രസ്, ജെഡിഎസ് എന്നീ പാർടികളിൽനിന്ന് കൂറുമാറി എത്തിയവരും മന്ത്രിസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നു.
ബിജെപിയിൽ എത്തിയ 2008 മുതല് യെദ്യൂരപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് ബൊമ്മെ. വീണ്ടും യെദ്യൂരപ്പയുടെയും മകന്റെയും ഭരണം ബൊമ്മെയിലൂടെ അരങ്ങേറിയാല് വിമതർ നോക്കിയിരിക്കില്ലെന്ന് ഉറപ്പ്. യെദ്യൂരപ്പ സ്ഥാനമൊഴിയുന്നതുവരെ താടി വടിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിന് ചൊവ്വാഴ്ച നിയമസഭാ കക്ഷിയോഗത്തിന് എത്തിയപ്പോൾ താടിയുണ്ടായിരുന്നില്ല. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ അക്ഷീണം പ്രയ്ത്നിച്ചിട്ടും അർഹമായ പരിഗണന ലഭിക്കാതിരുന്ന സി പി യോഗീഷ്, എ എച്ച് വിശ്വനാഥ്, ബി സി പാട്ടീൽ തുടങ്ങിയ വിമതപക്ഷം അടുത്ത നീക്കത്തിന് കോപ്പുകൂട്ടുകയാണ്. കർണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് ഉടനൊന്നും അന്ത്യമുണ്ടാകില്ല.