ന്യൂഡൽഹി
ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശ മന്ത്രി എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ സംഘർഷം, കോവിഡ് പ്രതിരോധം, ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കോവിഡ് വാക്സിനേഷന് ഇന്ത്യക്ക് രണ്ടരക്കോടി ഡോളർ സഹായംകൂടി നൽകുമെന്ന് ബ്ലിങ്കൻ പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യവും ഒരുമിച്ചുപ്രവർത്തിക്കും. പ്രശ്നത്തിന് സൈനിക പരിഹാരമില്ല. താലിബാനും അഫ്ഗാൻ സർക്കാരും ചർച്ചയ്ക്ക് തയ്യാറാകണം. എല്ലാവർക്കും പ്രാതിനിധ്യമുള്ള സർക്കാർ വരണം. അഫ്ഗാനിസ്ഥാനിൽ സമാധാനവും ശാന്തിയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാകും. ക്വാഡ് കൂട്ടായ്മ സൈനികസഖ്യമല്ല. ക്വാഡ് കൂട്ടായ്മയിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കും–- ബ്ലിങ്കൻ പറഞ്ഞു. ദലൈ ലാമയുടെ ഇന്ത്യയിലെ പ്രതിനിധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ഷേർബഹാദുർ ദ്യൂബയുമായി ഫോണിൽ സംസാരിച്ചു.