ഐസ്വാൾ
അതിർത്തിസംഘർഷത്തെ തുടർന്ന് അസംകാർ ആരംഭിച്ച സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മിസോറം. സംഘർഷത്തിൽ ആറ് പൊലീസുകാർ ഉൾപ്പെടെ ഏഴ് അസംകാർ കൊല്ലപ്പെട്ടിരുന്നു. മിസോറമിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 തിങ്കൾ മുതൽ അസം തടഞ്ഞിരിക്കുകയാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചതായി മിസോറം ആഭ്യന്തര സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചു. അസമും മിസോറമും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റു വഴികളും തടഞ്ഞിരിക്കുകയാണ്. മിസോറമിലെ കോലസിബ് ജില്ലയിലുള്ള ബൈരബി സ്റ്റേഷനിലേക്കുള്ള ഏക റെയിൽപാത അസമിൽ നശിപ്പിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ–-നവംബറിൽ അസംകാർ നടത്തിയ ഉപരോധവും മിസോറമിൽ ജനജീവിതത്തെ സാരമായി ബാധിച്ചത് കത്തിൽ ഓർമിപ്പിച്ചു. ജനങ്ങളോട് സമാധാനം പാലിക്കാൻ മിസോറം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ബിജെപി ഭരിക്കുന്ന അസമും സഖ്യകഷി ഭരിക്കുന്ന മിസോറമും തമ്മിൽ ശത്രുസേനകൾ പോലെ ഏറ്റുമുട്ടിയത് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മേഖലയിലെത്തി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി രണ്ട് ദിവസം തികയുംമുമ്പാണ് രക്തച്ചൊരിച്ചിലുണ്ടായത്. 2020 ഒക്ടോബർ മുതൽ കച്ചാർ, ഹായിലക്കണ്ടി ജില്ലകളിൽ പ്രശ്നങ്ങളുണ്ട്. വീടുകൾ കത്തിക്കലും ഭൂമി കൈയേറ്റവും നടന്നു. തുടർന്ന് ഒക്ടോബർ 22ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. ഫെബ്രുവരിയിൽ വീണ്ടും സംഘർഷമുണ്ടായി. ജൂലൈ 10ന് അതിർത്തിയിൽഎത്തിയ അസം സർക്കാരിന്റെ സംഘത്തിനുനേരെ മിസോറമിൽനിന്ന് ഗ്രനേഡ് ആക്രമണമുണ്ടായി. തുടർന്ന് ഇരു സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു.
തർക്കപരിഹാരത്തിന് ഇരു സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവികളും ഉൾപ്പെട്ട യോഗം ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്നു. സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലയിൽ നിന്ന് സേനകളെ പിൻവലിക്കാൻ ഇരു സർക്കാരുകൾ തമ്മിൽ ധാരണയായി. സംഘർഷം നിലനിന്ന ദേശീയപാത 360ൽ കേന്ദ്ര അർധ സൈനിക വിഭാഗത്തെ (സിഎപിഎഫ്) നിയോഗിക്കും.
ബന്ദ് ബാധിച്ചു
അസമിലെ ബരാക് താഴ്വരയിൽ ബരാക് ഡെമോക്രാറ്റിക് ഫ്രണ്ട് (ബിഡിഎഫ്) പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. അതിർത്തി ജില്ലകളായ കച്ചാർ, ഹായിലക്കണ്ടി, കീരംഗഞ്ച് എന്നിവിടങ്ങളിൽ കടകളെല്ലാം അടഞ്ഞുകിടന്നു.