മമ്ത,യോഗീന്ദ്ര
പേരാവൂർ (കണ്ണൂർ):കോളയാട് ആര്യപ്പറമ്പ് സെയ്ന്റ് മേരീസ് എസ്റ്റേറ്റിലെ താമസ സ്ഥലത്ത് അന്യസംസ്ഥാനക്കാരിയായ യുവതിയെമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ജാർഖണ്ഡ് സ്വദേശിനി മമ്ത കുമാരി (20)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്യുവതിയോടൊപ്പം കഴിഞ്ഞുവന്നിരുന്ന ജാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗീന്ദ്രയെ (28)പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയായ മമ്തകുമാരിയെ ജൂലായ് 15 നാണ് കിടപ്പ് മുറിയിൽമരിച്ച നിലയിൽ കണ്ടെത്തിയത്. യോഗീന്ദ്രയുടെ നിരന്തരമുളള പീഡനവും ക്രൂരമർദനവുമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും ഒരു കുട്ടിയുമുള്ള യോഗീന്ദ്ര ഭാര്യ മരിച്ചതിനു ശേഷമാണ് മമ്തയുമായി പ്രണയത്തിലാകുന്നത്. വീട്ടുകാർ എതിർത്തപ്പോൾ മമ്ത രണ്ടു മാസം മുൻപ് യോഗീന്ദ്രക്കൊപ്പം ആര്യപ്പറമ്പിലേക്ക് വരികയായിരുന്നു.
തൊഴിലിടത്തിൽ നിന്ന് ഡെങ്കിപ്പനി ബാധിച്ച മമ്ത കണ്ണൂർ മെഡിക്കൽ കേളേജിൽ ഒരാഴ്ചയിലധികം ചികിത്സയിൽ കഴിഞ്ഞിരുന്നു. മമ്തക്ക് ദീർഘനാൾ വിശ്രമം വേണമെന്ന് പറഞ്ഞാണ് ആശുപതി അധികൃതർ ഡിസ്ചാർജ് അനുവദിച്ചത്. എന്നാൽ എഴുന്നേൽക്കാൻ പോലുമാവാത്ത മമ്തയെ യോഗീന്ദ്രശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതാണ്മരണത്തിന് കാരണമായത്.
മർദനത്തിൽ നിലത്ത് വീണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും നിരന്തരമായ മർദനം മൂലം കാലുകളിലുണ്ടായ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത്. ദൃക്സാക്ഷികളാരും ഇല്ലാത്ത സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് കൊലക്കുറ്റം കൂടിചേർക്കുകയായിരുന്നു. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ. ബിജോയ്, എസ്.ഐ. കൃഷ്ണൻ, എ. എസ്.ഐ. വിനയകുമാർ, സീനിയർ സി. പി.ഒ. ഇ.എ. റംല, സി.പി.ഒ. ഷൗക്കത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlights:Boy friend who killed Jharkhand woman arrested