കൊച്ചി > ലക്ഷദ്വീപിലെ ഭരണനടപടിയുടെ പേരിൽ കേരളത്തിൽനിന്ന് പ്രതിഷേധിച്ചവരുടെ എണ്ണമെടുത്ത് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. തന്റെ സാമൂഹ്യമാധ്യമ പേജിൽ വന്ന് 1.47 കോടി മലയാളികൾ ചീത്തവിളിച്ചെന്നും അത് കാര്യമാക്കുന്നില്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. സേവ് ലക്ഷദ്വീപ് ഫോറം നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം.
ഫോറം നേതാക്കളുമായി രണ്ടരമണിക്കൂർ ചർച്ച നടത്തിയ പ്രഫുൽ പട്ടേൽ പരിഷ്കാരങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നൽകിയത്. ചുമതലയേറ്റശേഷം ആദ്യമായാണ് ചർച്ച. ഫോറം കോ–-ഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിൽ ആറുപേരാണ് പട്ടേലിനെ കണ്ടത്. ചർച്ച സൗഹാർദപരമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു.
വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നും പരിഷ്കാരങ്ങൾ നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. സ്വകാര്യഭൂമിയും കെട്ടിടവും ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച ഫോറം, വികസനപ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കില്ലെന്നും അറിയിച്ചു. എന്നാൽ, ഇതുവരെ വന്ന 37 അഡ്മിനിസ്ട്രേറ്ററുമാർ വികസനം കൊണ്ടുവന്നില്ലെന്നും അതാണ് നടപ്പാക്കാൻ പോകുന്നതെന്നും ആശങ്ക പരിഗണനയിലുണ്ടെന്നും പറഞ്ഞ് പട്ടേൽ ചർച്ച അവസാനിപ്പിച്ചു. ചർച്ചയ്ക്ക് നേതാക്കൾ കാത്തിരിക്കുമ്പോൾ ജെഡിയു നേതാവുകൂടിയായ ഫോറം കോ–-ഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖിനെമാത്രമായി ക്യാബിനിലേക്ക് വിളിപ്പിച്ചിരുന്നു. അഞ്ചുമിനിറ്റ് ഇരുവരും ചർച്ച നടത്തിയശേഷമാണ് മറ്റ് നേതാക്കളെ കയറ്റിയത്. ശേഷവും ഡോ. സാദിഖുമായി പട്ടേൽ രഹസ്യചർച്ച നടത്തി. എൻഡിഎയുടെ ഭാഗമായ ജെഡിയുവിനെ സംശയ നിഴലിലാക്കി ഫോറത്തെ തകർക്കാനാണ് പട്ടേലിന്റെ നീക്കമെന്ന് ഭാരവാഹികൾ സംശയിക്കുന്നു.