കൊച്ചി: ഡൽഹി എ.കെ.ജി ഭവനിൽ പോയി സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെ കണ്ടത് സൗഹൃദത്തിന്റെ ഭാഗമായി മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ലെന്നും കാരാട്ടുമായി തനിക്കുള്ളത് ദീർഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന് അകത്തും പുറത്തും സൗഹൃദമുണ്ട്.ഈ കൂടിക്കാഴ്ചയെ സി.പി.എമ്മിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമാണെന്ന രീതിയിൽ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പാർലമെന്റിലെ സെന്റർ ഹാളിൽ കൂടിക്കാഴ്ച നടത്തുന്നത് സാധ്യമല്ല. അതുകൊണ്ട് മാത്രമാണ് എ.കെ.ജി ഭവനിൽ കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിൽ പി.സി ചാക്കോ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടിക്കുള്ളിൽ അവഗണനനേരിടുന്നുവെന്ന് പരസ്യമായി പ്രതികരിച്ച കെ.വി തോമസ് സി.പി.എമ്മിലേക്ക് പോകുന്നുവെന്ന തരത്തിൽ സന്ദർശനം വ്യാഖ്യാനിക്കപ്പെട്ടത്. ഇത്തരം അഭ്യൂഹങ്ങൾ ഇടയ്ക്ക് ഉയരുന്നതാണെന്നും അതിനെ അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.
Content Highlights: KV Thomas on his meeting with Prakash Karat