കൊച്ചി > എപിജെ അബ്ദുല് കലാം സാങ്കേതിക സര്വകലാശാലയുടെ എഞ്ചിനീയറിംഗ് പരീക്ഷകള് തുടരാന് ഹൈക്കോടതിയുടെ അനുമതി. തുടര് പരീക്ഷകള് റദ്ദാക്കിയ സിംഗിള് ബെഞ്ചുത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സാങ്കേതിക സര്വകലാശാല സമര്പ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
കോവിഡ് പശ്ചാത്തലത്തില് പരീക്ഷകള് ഓണ്ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്ഥികള് സമര്പ്പിച്ച ഹര്ജിയിലാണ് ഒന്നും മൂന്നും സെമസ്റ്റര് പരീക്ഷകള് സിംഗിള് ബെഞ്ച് റദ്ദാക്കിയത്. ഓണ്ലൈന് പരീക്ഷ സംബന്ധിച്ച് യുജിസി മാര്ഗ്ഗ നിര്ദ്ദേശങ്ങള് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള് ബെഞ്ചുത്തരവ്.
ഓണ്ലൈന് പരീക്ഷ നടത്താനുള്ള സോഫ്റ്റ്വെയര് സംവിധാനം ഇല്ലെന്ന് സര്വകലാശാല അറിയിച്ചു. എട്ട് വിദ്യാര്ഥികള് മാത്രമാണ് കോടതിയിലെത്തിയതെന്നും സിംഗിള് ബെഞ്ചുത്തരവ്
ഭൂരിപക്ഷം വിദ്യാര്ഥികളെ ബാധിക്കുമെന്നും സര്വകലാശാല ബോധിപ്പിച്ചു. കോവിഡ് സാഹചര്യത്തില് പരീക്ഷ എഴുതാനാവാത്തവര്ക്ക് ആദ്യ ചാന്സായി കണക്കിലെടുത്ത് അവസരം നല്കുമെന്നും സര്വകലാശാല അറിയിച്ചു.