തിരുവനന്തപുരം > സുപ്രീംകോടതി പരാമര്ശത്തിന്റെ അടിസ്ഥാനത്തില് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവരുടെ വിഷയദാരിദ്ര്യത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് നിയമപരമായ ഒരു സാധുതയുമില്ല. നിയമസഭക്കകത്ത് നടന്ന പ്രശ്നത്തിന്റെ മെറിറ്റിലേക്ക് സുപ്രീം കോടതി പോയിട്ടില്ല. പ്രതികള് വിചാരണ നേരിടണമെന്ന് പറഞ്ഞതില് അസ്വാഭാവികതയില്ല. സുപ്രീം കോടതിയുടെ വിധി മാനിച്ച് വിചാരണ നേരിടും. ശക്തമായ കോടതി പരാമര്ശം ഇതിനു മുമ്പ് കോണ്ഗ്രസ് നേതാക്കള് ഭരിച്ച സംസ്ഥാനങ്ങള്ക്കും കോണ്ഗ്രസ് നേതാക്കള്ക്കുമെതിരെ ഉണ്ടായിട്ടുണ്ട് എന്നത് ഓര്ക്കുന്നത് നല്ലതാണെന്നും ബാലന് പ്രസ്താവനയില് പറഞ്ഞു.
ബിഹാര് മുഖ്യമന്ത്രിയായിരുന്ന കോണ്ഗ്രസ് നേതാവ് ജഗന്നാഥ് മിശ്രക്കെതിരെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്സ് കേസ് പിന്വലിക്കാന് കോടതിയില് പോയ ഘട്ടത്തില് സുപ്രീം കോടതി പറഞ്ഞത് ഓര്ക്കുമല്ലോ. നരസിംഹറാവു സര്ക്കാരിന്റെ ഘട്ടത്തില് ഭരണം നിലനിര്ത്താന് 19 എം.പിമാരെ പണം കൊടുത്ത് ചാക്കിട്ടു പിടിച്ച അഴിമതി കേസില് സുപ്രീംകോടതി പറഞ്ഞതും ഓര്ക്കുന്നത് നല്ലതാണ്. ഇവിടെ ധാര്മികത പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതൊന്നും മറക്കാനിടയില്ലാത്തതാണല്ലോ, പിണറായി സര്ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവര്ണറെ നിയസഭക്കകത്ത് ഘരാവോ ചെയ്തതും. എം വിജയകുമാര് സ്പീക്കറായിരിക്കെ അദ്ദേഹത്തെ കസേരയില് നിന്ന് ബലമായി പിടിച്ചുമാറ്റി കോണ്ഗ്രസ് നേതാക്കള് ആ കസേരയില് കയറിയിരുന്നതും ഓര്ക്കണം.
ഉമ്മന്ചാണ്ടി സര്ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതികരണത്തെ അന്നത്തെ ഭരണ കക്ഷിയായ കോണ്ഗ്രസ് നേരിട്ടത് ഒരു വനിതാ എംഎല്എയെ അപമാനിച്ചും ആക്രമിച്ചുമായിരുന്നല്ലോ. ഇടതുപക്ഷ എംഎല്എ ആയിരുന്ന ജമീല പ്രകാശം ഇതുമായി ബന്ധപ്പെട്ട് കൊടുത്ത പരാതിയിന്മേലുള്ള കേസില് കോണ്ഗ്രസ് നേതാവ് ശിവദാസന് നായര് പ്രതിയാണെന്നും ഓര്ക്കണം.
ഇപ്പോള് ഈ കേസുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് പ്രോസിക്യൂട്ടര് അവധാനത കാട്ടിയില്ല എന്ന സുപ്രീം കോടതി പരാമര്ശം സിആര്പിസി 321 വകുപ്പനുസരിച്ച് ഒരു പൊതുതാല്പര്യ ഹര്ജിയുടെ ഭാഗമായാണ് വന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും മാറിമാറി കേരളം ഭരിച്ച ഘട്ടത്തില് നിയമസഭക്കകത്ത് ജനകീയ വികാരം പ്രകടിപ്പിക്കുന്നതില് ചില ഘട്ടങ്ങളില് അതിരുവിട്ടു പോയിട്ടുണ്ടാകാം. അതുകൊണ്ടു തന്നെ ഈ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് സമഗ്രമായ ഒരു പെരുമാറ്റ ചട്ടം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രശ്നങ്ങളില് ഒരേ നിയമം പ്രാവര്ത്തികമാക്കുന്നത് പ്രായോഗികമാവുമോ എന്ന് ആലോചിക്കേണ്ടതാണ്.
നിയമസഭയ്ക്കുള്ളില് എംഎല്എമാര്ക്ക് ചില പ്രത്യേക അവകാശങ്ങളുണ്ട്. എന്നാല് അത്തരം അവകാശങ്ങള് നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായിക്കൂടാ. എംഎല്എമാര്ക്കുള്ള പ്രത്യേക അവകാശങ്ങളാണ് അവര്ക്ക് സ്വതന്ത്രമായും നിര്ഭയമായും ആശയപ്രകാശനത്തിനുള്ള ചങ്കൂറ്റം നല്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് എംഎല്എമാരുടെ പ്രത്യേക അവകാശങ്ങളെ ഹനിച്ചാല് അത് ജനാധിപത്യ പ്രക്രിയയില് ശക്തമായി ഇടപെടാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയും ശേഷിയെയും ദുര്ബലപ്പെടുത്തും. ഇതുകൂടി കണക്കിലെടുത്ത്, ഇത്തരം കാര്യങ്ങളില് ഒരു വ്യക്തത വരുത്താന് പെരുമാറ്റ ചട്ടം രൂപപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും എ കെ ബാലന് പ്രസ്താവനയില് പറഞ്ഞു.