പാലക്കാട് > ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിൽ സിസിടിവി പരിശോധന പൂർത്തിയാക്കി പൊലീസ്. സംഭവം നടന്ന ഹോട്ടലിലെ നാലോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. തുടർനടപടി ഉടൻ സ്വീകരിക്കും. മർദനമേറ്റ സനൂഫിന്റെയും സുഹൃത്തിന്റെയും വിശദ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളായ വി ടി ബൽറാം, പാളയം പ്രദീപ് എന്നിവർക്കെതിരെ കേസ് എടുത്തു.ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എംപിയെയും മുൻ എംഎൽഎ വി ടി ബൽറാമിനെയും ചോദ്യം ചെയ്ത യുവാക്കളെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചിക്കുകയായിരുന്നു. ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു മർദനം. തുടർന്ന് വധഭീഷണിയും മുഴക്കി.
മർദനമേറ്റ പാലക്കാട് കൽമണ്ഡപം സ്വദേശി സനൂഫ് ഇവർക്കെതിരെ കസബ പൊലീസിൽ പരാതി നൽകി. തന്നെ അപമാനിക്കാൻ ശ്രമിച്ചതിനെതുടർന്നാണ് കൂടെയുള്ളവർ യുവാവിനെ മർദിച്ചതെന്നാണ് രമ്യ ഹരിദാസ് മാധ്യമങ്ങളിൽ പ്രതികരിച്ചത്. ലോക്ക്ഡൗൺ ലംഘിച്ച് ഹോട്ടലിൽ സംഘംചേർന്ന് ഇരിക്കുന്നതും ചോദ്യം ചെയ്യുന്നതും സനൂഫ് വീഡിയോയിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സനൂഫിനെ കേസിൽ കുടുക്കാൻ രമ്യഹരിദാസ് എംപി നുണപറയുന്നുവെന്നാണ് സനൂഫ് പൊലീസിന് നൽകിയ മൊഴി. മർദിക്കാൻ ആഹ്വാനം ചെയ്യുകയും മെബൈൽ ഫോൺ പിടിച്ചുവാങ്ങാൻ രമ്യഹരിദാസ് ആവശ്യപ്പെടുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.