തിരുവനന്തപുരം: പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികളെ ട്രോൾ രൂപത്തിൽ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി . കുട്ടികളുടെ മനോവീര്യം തകർക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ട്രോളുകൾ തമാശയായി സമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ കുട്ടികൾ മിടുക്കരാണ്, എസ്എസ്എൽസിക്കും നല്ല റിസൾട്ട് ഉണ്ടായിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിനു പിന്നാലെ ഉണ്ടായ ട്രോളുകൾ വിദ്യാർത്ഥികളെ വിഷമിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
തമാശകൾ ഉത്പാദിപ്പിക്കുന്നവർ അത് ആസ്വദിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അത് വിഷമം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില കുട്ടികൾ കരഞ്ഞുകൊണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി 87.94 ശതമാനമാണ് പ്ലസ്ടു വിജയം. 80.36 ശതമാനം വിഎച്ച്സി വിദ്യാർത്ഥികളും ജയിച്ചു.