തൃശ്ശൂർ: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽനിന്ന് തിരിച്ചടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ.
പൊതുമുതൽ നശിപ്പിച്ചവർ മന്ത്രിയായിരിക്കുന്നത് അപമാനമാണെന്നും മുഖ്യമന്ത്രി ധാർമ്മിക ഉത്തരവാദിത്തം ഏറ്റടുത്ത് കേരളീയരോട് മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
പൊതുമുതൽ നശിപ്പിച്ച് നിയമസഭക്ക് കളങ്കം വരുത്തിവെച്ച സംഭവത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് ഇടതുപക്ഷ സർക്കാരിനേറ്റ പ്രഹരമാണ്. കേസ് വിചാരണ നേരിടണമെന്ന് പറയുമ്പോൾ പ്രഥമദൃഷ്ട്യാ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കാണുകയാണ്. പൊതുമുതൽ നശിപ്പിച്ചയാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നതുതന്നെ നാണക്കേടാണ്. കൂനിന്മേൽ കുരിശ് പോലെയാണ് വിചാരണ നേരിടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്- ഗോപാലകൃഷ്ണൻ പറഞ്ഞു.
ശിവൻകുട്ടിക്ക് ഇനി ഒരു നിമിഷം മന്ത്രിയായി തുടരാൻ അർഹതയില്ല. ശിവൻകുട്ടിയെ താങ്ങാൻ മുഖ്യമന്ത്രി നിന്നാൽ മുഖ്യമന്ത്രി അധാർമ്മികത ചെയ്യുന്നു എന്ന് പറയേണ്ടിവരും. കോടതിവിധി മാനിച്ച് കേരളത്തോട് മാപ്പ് പറഞ്ഞ് ശിവൻകുട്ടിയെ പുറത്താക്കുകമാത്രമാണ് നിയമസഭാ കയ്യാങ്കളി സംഭവത്തിൽ മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights:b gopalakrishnan on supreme court verdict on kerala assembly ruckus case