കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിപ്പുറം മിനി പമ്പയിൽ നിന്ന് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേരെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും. മാസങ്ങളായി ഇവർ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു.
എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘം ആലുവ മുതൽ ഇവരെ പിന്തുടർന്നിരുന്നു. പാലിയേക്കരയിൽ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.
പ്രതികളുടെ അമ്മ ഇന്നു രാവിലെ മരിച്ചിരുന്നു. മാതാവിന്റെ മരണ സാഹചര്യത്തിൽ കീഴടങ്ങാൻ തയ്യറാണെന്നും പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ഇന്നുരാവിലെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്. മാതാവിന്റെ സംസ്കാര ചടങ്ങിൽ പ്രതികൾക്ക് പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിന് തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 701 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ സാധിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളെ പിടികൂടിയത്.
content highlights:three accused arrested in muttil tree felling case