“നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ” എന്നു പറഞ്ഞുകൊണ്ടാണ് ബൽറാം ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതോടെ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും രംഗത്തെത്തിയിട്ടുണ്ട്. രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് കോടതിയും ആവര്‍ത്തിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം നിരപരാധിത്വം തെളിയിക്കുമെന്നും രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി പൂർണമായി അംഗീകരിക്കുന്നു. വിചാരണ നേരിടുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.
“ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്” എന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.